വാഷിംഗ്ടണ്‍: ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു. ലോകത്താകെ ഒരു കോടി 10 ലക്ഷത്തോളം രോഗികളുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 24 മണിക്കൂറിനിടെ രണ്ടു ലക്ഷത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും അയ്യായിരത്തിലേറെ പേർ മരിക്കുകയും ചെയ്തു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 10,982,299 ആയി. കോവിഡ് മരണം 5.23 ലക്ഷം കവിഞ്ഞു. ലോകത്താകെ 61.39 ലക്ഷത്തിലേറെ പേര്‍ ഇതുവരെ രോഗമുക്തരായിട്ടുണ്ട് . 43.18 ലക്ഷത്തോളം രോഗികൾ നിലവില്‍ ചികിത്സയിലാണ്. ഇതില്‍ 58,000ത്തോളം പേരുടെ ആരോഗ്യനില ഗുരുതരമാണ്.
ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള അമേരിക്കയില്‍ ദിവസവും പതിനായിരക്കണക്കിന് പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. വ്യാഴാഴ്ച മാത്രം 48,785 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ അമേരിക്കയിലെ കോവിഡ് ബാധിതരുടെ എണ്ണം 28,28,738 ആയി ഉയര്‍ന്നു. 1,31,485 പേർക്കാണ് മഹാമാരിയിൽ ജീവൻ നഷ്ടമായത്. ഇതുവരെ 11,85,019 പേർ രോഗമുക്തി നേടി.
കോവിഡ് മരണത്തില്‍ രണ്ടാമതുള്ള ബ്രസീലില്‍ സ്ഥിതി പ്രതിദിനം രൂക്ഷമാവുകയാണ്. ബ്രസീലില്‍ 1,501,353 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 61,990 ആയി. റഷ്യയില്‍ രോഗികളുടെ എണ്ണം ഏഴു ലക്ഷത്തിലേക്ക് അടുക്കുകയാണ്. രാജ്യത്ത് മരണം 9,500 കടന്നു.
അതേസമയം, ഇന്ത്യയിൽ രോഗബാധിതര്‍ ആറു ലക്ഷം കവിഞ്ഞു. 18,000ത്തിലേറെ പേരാണ് രാജ്യത്ത് കോവിഡ് മൂലം മരിച്ചത്. കോവിഡ് രോഗികളുടെ എണ്ണത്തിൽ നാലാം സ്ഥാനത്താണ് ഇന്ത്യ. പെറുവിലും വൈറസ് ബാധിതരുടെ എണ്ണം മൂന്നു ലക്ഷത്തിലേക്ക് അടുക്കുകയാണ്. എന്നാൽ ബ്രിട്ടൻ, സ്പെയിൻ, ഇറ്റലി, ജര്‍മനി എന്നീ രാജ്യങ്ങളിൽ രോഗബാധിതരുടെ എണ്ണം കുറയുന്നത് പ്രതീക്ഷ നൽകുന്നുണ്ട്.