കൊച്ചി: മലയാള സിനിമക്കിത് ചരിത്ര നിമിഷം. മലയാളത്തിലെ ആദ്യ ഒടിടി സിനിമ ‘സൂഫിയും സുജാതയും’ റിലീസായി. ജയസൂര്യ നായകനായ ‘സൂഫിയും സുജാതയും’ ഇന്ന് പുലർച്ചെയാണ് ആമസോണ്‍ പ്രൈം വീഡിയോയിൽ പ്രദർശിപ്പിച്ചത്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നരണിപ്പുഴ ഷാനവാസാണ് സംവിധാനം.
ഒരു സൂഫിയുടേയും അയാളെ പ്രണയിക്കുന്ന ഹിന്ദു പെണ്‍കുട്ടിയുടേയും കഥയാണ് സൂഫിയും സുജാതയും പറയുന്നത്. ജയസൂര്യക്ക് പുറമെ ബോളിവുഡ് താരമായ അതിഥി റാവു, സിദ്ദിഖ്, ഹരീഷ് കണാരന്‍ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ഒട്ടേറെ വിവാദങ്ങള്‍ക്ക് ശേഷമാണ് സൂഫിയും സുജാതയും പ്രേക്ഷകരിലേക്കെത്തിയത്. സൂഫിയും സുജാതയും ഓണ്‍ലൈന്‍ റിലീസിന് തീരുമാനിച്ചപ്പോള്‍ തന്നെ തിയേറ്റര്‍ ഉടമകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തിയേറ്ററുകളെ പ്രതിസന്ധിയിലാക്കുന്ന തീരുമാനമാണെന്നായിരുന്നു തിയേറ്റര്‍ ഉടമകളുടെ ആരോപണം. എന്നാൽ ലോക്ക്ഡൗണ്‍ മൂലം തിയേറ്ററുകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ ഓണ്‍ലൈന്‍ റിലീസ് അല്ലാതെ മറ്റ് വഴിയില്ലെന്ന നിലപാടില്‍ നിര്‍മ്മാതാവ് വിജയ് ബാബു ഉറച്ച് നില്‍ക്കുകയായിരുന്നു .