മ്യാന്‍മറില്‍ ഖനിയിലുണ്ടായ മണ്ണിടിച്ചിലിൽ 126 ഓളം പേര്‍ കൊല്ലപ്പെട്ടതായി എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. രത്നക്കല്ലുകള്‍ ശേഖരിക്കുയായിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. 200 ഓളം പേര്‍ മണ്ണിനടിയില്‍ കുടുങ്ങി കിടുക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
വടക്കന്‍ മ്യാന്‍മറില്‍ പ്രവര്‍ത്തിച്ചിരുന്ന ഖനിയില്‍ രാവിലെ ആറരയോടെയാണ് അപകടമുണ്ടായത്. മഴ പെയ്തതിനെ തുടര്‍ന്ന് അടര്‍ന്നു വീണ കല്ലുകള്‍ പെറുക്കുന്നതിനിടെയിലായിരുന്നു ഖനി ഇടിഞ്ഞു വീണ് അപകടമുണ്ടായത്. പ്രദേശത്തെ ഭൂരിഭാഗം ജനങ്ങളും ഈ ഖനിയില്‍ തൊഴില്‍ ചെയ്താണ് ഉപജീവനം നടത്തിയിരുന്നത്.
തൊഴിലാളികള്‍ കല്ല് ശേഖരിക്കുന്നതിനിടയില്‍ ചളിനിറഞ്ഞ മണ്ണ് ഒഴുകിയിറങ്ങിയാണ് അപകടം നടന്നതെന്ന് ഫയര്‍ സര്‍വീസ് വിഭാഗം ഫെയ്‌സ്ബുക്ക് വഴി അറിയിച്ചു.
പ്രദേശത്ത് രക്ഷാ പ്രവര്‍ത്തനം പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നാണ് വിവരം. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
മ്യാന്മറിലെ ഖനികളില്‍ നേരത്തേയും നിരവധി തവണ മണ്ണിടിച്ചില്‍ അപകടങ്ങളുണ്ടായിട്ടുണ്ട്. മ്യാന്‍മറിലെ കാഞ്ചിന്‍ സംസ്ഥാനത്ത് പ്രത്യേകിച്ച് ഹ്പാകാന്ദി ഖനി പ്രദേശത്ത് മഴക്കാലത്ത് ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലും പതിവാണ്. 2015-ല്‍ നടന്ന ഒരപകടത്തില്‍ 116 പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.
ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ നടപടി കൈക്കൊള്ളുമെന്ന് 2016ല്‍ ഓങ് സാന്‍ സൂചി അധികാരത്തിലെത്തിയ സമയത്ത് ഉറപ്പുനല്‍കിയിരുന്നു. പക്ഷേ, വാഗ്ദാനം വാക്കുകളിലൊതുങ്ങിയെന്നാണ് അവകാശപ്രവര്‍ത്തകര്‍ പറയുന്നത്.
മ്യാന്‍മറിലെ വലിയ വ്യവസായങ്ങളിലൊന്നാണ് അലങ്കാലക്കല്ല്. അല്‍ജസീറ നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് മ്യാന്‍മര്‍ 2016-17 കാലത്ത് മാത്രം 75 കോടി ഡോളറിന്റെ കയറ്റുമതിയാണ് നടത്തിയത്. എന്നാല്‍ യഥാര്‍ത്ഥ മൂല്യം ഇതിനെയും കടത്തിവെട്ടുമെന്നാണ് വിദഗ്ധര്‍പറയുന്നത്.