മെക്സിക്കോ: സെൻട്രൽ മെക്സിക്കോയിലെ മയക്കുമരുന്ന് പുനരധിവാസ കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ടു. ഏഴ് പേർക്ക് മാരകമായ പരിക്ക്. ഒരു സംഘം തോക്കുധാരികൾ അതിക്രമിച്ച് കയറി രോഗികൾക്കും ജീവനക്കാർക്കും നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് റഷ്യൻ ടിവി റിപ്പോർട്ട്. കഴിഞ്ഞ മാസത്തിനുശേഷം നടന്ന രണ്ടാമത്തെ മാരകമായ ആക്രമണമാണിത്.
ഇറാപുറ്റോ നഗരത്തിൽ ജൂലായ് ഒന്നിന് നടന്ന കൂട്ട വെടിവയ്പ്പ് പ്രാദേശിക മാധ്യമങ്ങളാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. ആക്രമണത്തിനുശേഷമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കപ്പെടുന്നുണ്ട്.
നാഷണൽ ഗാർഡ് സൈനികരും ഫെഡറൽ ഏജൻസിയും പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.
ഗ്വാജുവാറ്റോ സംസ്ഥാനത്തെ വ്യാവസായിക മേഖലയിലാണ് ക്ലിനിക്ക് സ്ഥിതിചെയ്യുന്നത്. ഇതേ മയക്കുമരുന്ന് ക്ലിനിക്കിൽ കഴിഞ്ഞ മാസം സമാനമായ മാരക ആക്രമണമുണ്ടായി. ഇതിൽ 10 പേർ കൊല്ലപ്പെട്ടു. ആക്രമണത്തിന് പിന്നിലാരാണ്, രണ്ട് ആക്രമണങ്ങൾ തമ്മിൽ ബന്ധമുണ്ടോ തുടങ്ങിയ സംശയങ്ങൾക്ക് ഇനിയും വ്യക്തതയില്ലെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കള്ളക്കടത്ത്, തട്ടിക്കൊണ്ടുപോകൽ, കൊലപാതകം, മയക്കുമരുന്നു വ്യാപാരം എന്നിവയ്ക്ക് കുപ്രിസിദ്ധിയാർജ്ജിച്ച മേഖലയാണിത്. സംഭവത്തെത്തുടർന്ന് പ്രദേശത്ത് കനത്ത പൊലിസ് സാന്നിധ്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.