മോസ്കോ: റഷ്യൻ ഭരണപരിഷ്ക്കാരങ്ങളെ ജനങ്ങൾ പിന്തുണച്ചിരിക്കുന്നുവെന്നാണ് ആദ്യ ഫലസൂചനകൾ. 2036 വരെ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന് അധികാരത്തിൽ തുടരാമെന്ന വ്യവസ്ഥയാണ് ഭരണഘടനാ പരിഷ്‌കാരങ്ങളിൽ മുഖ്യം. 20 ശതമാനം ബാലറ്റുകൾ എണ്ണിയപ്പോൾ 72 ശതമാനം വോട്ടർമാരും ഭരണപരിഷ്ക്കാര നടപടികളെ പിന്തുണച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ വെളിപ്പെടുത്തി.
പരിഷ്കാരങ്ങൾ പ്രകാരം 2024 ൽ പുടിന്റെ കാലാവധി പുനഃക്രമീകരിക്കപ്പെടും. അതോടെ പുതിയൊരു 12 വർഷം കൂടി പുടിന് രാജ്യത്തിൻ്റെ പ്രസിഡൻ്റു പദവിയിൽ തുടരാനുള്ള വ്യവസ്ഥ നിലവിൽ വരും.കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി പ്രസിഡന്റ് – പ്രധാനമന്ത്രി പദവികളിൽ പുടിൻ തുടരുകയാണ്.
റഷ്യൻ പാർലമെന്റിൻ്റെ ഇരു മണ്ഡലങ്ങളും പരിഷ്കാരങ്ങളെ ഇതിനകം അംഗീകരിച്ചിട്ടുണ്ട്. പരിഷ്കാരങ്ങൾ പക്ഷേ ജനകീയ പിന്തുണയോടെ നിയമാനുസൃതമാക്കുകയെന്നതിനായാണ് പ്രസിഡന്റ് പുടിൻ പൊതുവോട്ടെടുപ്പിന് ഉത്തരവിട്ടത്. ദേശീയ സ്ഥിരത ഉറപ്പാക്കാൻ പരിഷ്കാരങ്ങൾ ആവശ്യമാണെന്നാണ് പ്രസിഡന്റു പുടിൻ്റെയും അനുയായികളുടെയും വാദം.
വോട്ടെടുപ്പ് അവസാനിക്കുന്നതിനു മുമ്പുതന്നെ വോട്ടെടുപ്പ് പ്രക്രിയയിൽ ലംഘനങ്ങളൊന്നുമണ്ടായിട്ടില്ലെന്ന ആഭ്യന്തരകാര്യ മന്ത്രാലയത്തിൻ്റെ അറിയിപ്പ് ശ്രദ്ധേയമായി. ഏഴുദിന വോട്ടെടുപ്പ് പ്രക്രിയയെക്കുറിച്ച് സ്വതന്ത്രമായ പരിശോധനയില്ല. അതേസമയം വോട്ടെടുപ്പു ഫലങ്ങൾ പൂർണമായും വരുന്നതിനു മുമ്പേ പുതിയ ഭരണഘടനയുടെ പകർപ്പുകൾ ബുക്ക്‌ഷോപ്പുകളിൽ പ്രത്യക്ഷപ്പെട്ടതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു.
ഇതിനിടെ ജീവിതകാലം മുഴുവൻ പ്രസിഡന്റാകാനുള്ള പുടിൻ്റെ തന്ത്രത്തിൻ്റെ ഭാഗമായാണ് ഭരണപരിഷക്കാരങ്ങളെന്ന ആരോപണത്തിലാണ് പ്രതിപക്ഷം. ഭരണഘടനാ മാറ്റങ്ങൾക്കെതിരെ അനവധി പേർ മോസ്കോയിലും സെന്റ് പീറ്റേഴ്സ്ബർഗിലും പ്രതിഷേധ പ്രകടനം നടത്തി. എന്നാൽ പ്രതിഷേധങ്ങൾ പുടിൻ്റെ പദവിക്ക് ഭീഷണിയാകാനുള്ള സാധ്യതയില്ല. ലോക രാഷ്ടീയത്തിൽ പുടിനുള്ള സ്വാധീനമാണ് ഇതിൽ പ്രധാനം. ഒരു ഭാഗത്ത് അമേരിക്കൻ ഭരണകൂടത്തിൻ്റെ പിന്തുണ. മറുഭാഗത്താകട്ടെ ചൈനീസ് ഭരണകൂടത്തിൻ്റെയുമെന്നത് പുടിനെ കൂടുതൽ ശക്തനാക്കുന്നുണ്ട്.