ന്യൂഡൽഹി: കോവിഡ് -19 പ്രതിസന്ധി സാരമായി ബാധിച്ച ഇന്ത്യയിലെ മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളള്‍ക്ക് (എംഎസ്എംഇ) ധനസമ്പാദനം വർദ്ധിപ്പിക്കുന്നതിന് 750 മില്യൺ ഡോളർ ലോക ബാങ്ക് നല്‍കും. സ്വാശ്രയ ഇന്ത്യ പദ്ധതി പ്രകാരം സർക്കാർ പ്രഖ്യാപിച്ച എംഎസ്എംഇ പാക്കേജിനെ പാക്കേജ് പിന്തുണയ്ക്കും.
ലോകബാങ്കിൻെറ കീഴിലുള്ള ഐ.ബി.ആർ.ഡിയാണ് 19 വർഷത്തെ കാലയളവിൽ ഇന്ത്യക്കായി വായ്പ നൽകുക. അഞ്ച് വർഷത്തേക്ക് വായ്പ തിരിച്ചടക്കേണ്ട.
“ലോക ബാങ്കിന്റെ എംഎസ്എംഇ എമർജൻസി റെസ്‌പോൺസ് പ്രോഗ്രാം നിലവിലെ ആഘാതത്തെ നേരിടാനും ദശലക്ഷക്കണക്കിന് ജോലികൾ സംരക്ഷിക്കാനും സഹായിക്കും,” ലോകബാങ്ക് പ്രസ്താവനയിൽ പറഞ്ഞു.
ചെറുകിട-ഇടത്തരം വ്യവസായ മേഖലയിൽ കൂടുതലായി തൊഴിലുകൾ സൃഷ്ടിച്ചാൽ മാത്രമേ ഇന്ത്യക്ക് വ്യവസായ വളർച്ച കൈവരിക്കാൻ കഴിയുവെന്ന് ഇന്ത്യയുടെ ചുമതലയുള്ള ലോകബാങ്ക് ഡയറക്ടർ ജുനൈദ് അഹമ്മദ് പറഞ്ഞു.