സിനിമാ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘സിബിഐ 5’. സിബിഐ ആദ്യ നാല് സീരീസുകളായ ‘ഒരു സിബിഐ ഡയറിക്കുറിപ്പ്’, ‘ജാഗ്രത’, ‘സേതുരാമയ്യര്‍ സിബിഐ’, ‘നേരറിയാന്‍ സിബിഐ’ എന്നിവക്ക് ശേഷമാണ് സിബിഐ 5 എത്തുന്നത്. ലോക്ക്ഡൗണും നിയന്ത്രണങ്ങളും നീങ്ങിയാല്‍ മമ്മൂട്ടി ആദ്യം അഭിനയിക്കുന്നത് സിബി ഐ- 5 ആയിരിക്കുമെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് എസ്‌എന്‍ സ്വാമി അറിയിച്ചു
സേതുരാമയ്യരുടെ വിശ്വസ്തനായ സബോര്‍ഡിനേറ്റ് ചാക്കോയായി മുകേഷും ഡിവൈഎസ്‌പി സത്യദാസ് എന്ന കഥാപാത്രവുമായി സായികുമാറും സിനിമയിൽ വീണ്ടും എത്തുമെന്ന് തിരക്കഥാകൃത്ത് എസ്‌എന്‍ സ്വാമി വെളിപ്പെടുത്തി. മുമ്പു പുറത്തിറങ്ങിയ നാലു സിബിഐ സിനിമകളിലും മുകേഷ് ഉണ്ടായിരുന്നു. ആദ്യഭാഗമായ ‘ഒരു സിബിഐ ഡയറിക്കുറിപ്പില്‍’ ചാക്കോ ഒരു പോലീസ് കോണ്‍സ്റ്റബിളായിരുന്നു. മറ്റ് മൂന്ന് ചിത്രങ്ങളില്‍ അദ്ദേഹം സിബിഐ അന്വേഷണ സംഘത്തിന്റെ ഭാഗമായിരുന്നു. ജേക്ക്‌സ് ബിജോയ് ആണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. അതേസമയം, സിബിഐ ആദ്യ നാല് സീരീസുകൾക്കും സംഗീതം ഒരുക്കിയത് സംഗീത സംവിധായകന്‍ ശ്യാം ആയിരുന്നു.
കെ മധു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂണില്‍ ആരംഭിക്കാനായിരുന്നു പദ്ധതി. എന്നാല്‍ കോവിഡ് മൂലം ഷൂട്ടിംഗ് മുടങ്ങുകയായിരുന്നു. 90 ശതമാനത്തോളം ഔട്ട്‌ഡോറില്‍ ചിത്രീകരിക്കുന്ന സിനിമയാണ് ഇതെന്നും ചിത്രീകരണത്തിന് ഒരു സമയം 200 പേരോളം വേണ്ടി വന്നേക്കുമെന്നും അതിനാല്‍ ഇതു സംബന്ധിച്ച നിയന്ത്രണങ്ങള്‍ നീങ്ങുന്നതിനായി കാത്തിരിക്കുകയാണെന്നും എസ്‌എന്‍ സ്വാമി പറഞ്ഞു.