ബ്രസല്‍സ്: കോവിഡ് ഭീതിയില്‍ മാര്‍ച്ച് പകുതി മുതല്‍ അടച്ച അതിര്‍ത്തികള്‍ ജൂലായ് ഒന്ന് മുതല്‍ തുറക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനം. കാനഡ, ജപ്പാന്‍, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, ഉറുഗ്വായ്, അള്‍ജീരിയ, ജോര്‍ജിയ, മൊറോക്കോ, സെര്‍ബിയ, സൗത്ത് കൊറിയ, തായ്‌ലാന്‍ഡ്, ടുണീഷ്യ, മൊണ്ടിനെഗ്രോ, റുവാണ്ട, ചൈന തുടങ്ങി കോവിഡ് വ്യാപനം കുറഞ്ഞ 15 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് മാത്രമേ പ്രവേശനത്തിന് അനുമതി നല്‍കിയിട്ടുള്ളു. കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന അമേരിക്ക, ബ്രസീല്‍, റഷ്യ, തുര്‍ക്കി എന്നീ രാജ്യങ്ങള പട്ടികയില്‍ നിന്ന് ഒഴിവാക്കി.
യൂറോപ്യന്‍ യാത്രക്കാര്‍ക്ക് സമാനമായ രീതിയില്‍ ചൈനയിലേക്ക് പ്രവേശനം അനുവദിക്കണമെന്ന വ്യവസ്ഥയിലാണ് ചൈനയെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. കൃത്യമായ സാമൂഹിക അകലം പാലിച്ച രാജ്യങ്ങള്‍, പുതിയ കേസുകള്‍ കുറയുന്ന രാജ്യങ്ങള്‍ തുടങ്ങിയ ശാസ്ത്രീയ ഘടകങ്ങള്‍ വിലയിരുത്തിയാണ് 15 രാജ്യങ്ങള്‍ക്ക് അനുമതി നല്‍കിയതെന്നും യൂറോപ്യന്‍ യൂണിയന്‍ അധികൃതര്‍ വ്യക്തമാക്കി.
ഓരോ രണ്ടാഴ്ച കൂടുമ്പോഴും ഈ പട്ടിക പരിഷ്‌ക്കരിക്കുമെന്നാണ് റിപ്പോര്‍ട്ട്. യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.