ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മാറ്റിവച്ച പ്ലസ് ടു, പത്താംക്ലാസ് പരീക്ഷാഫലം പ്രഖ്യാപിക്കുന്നതില്‍ സിബിഎസ്ഇ പുതിയ വിജ്ഞാപനം ഇറക്കി. പരീക്ഷകൾ സംബന്ധിച്ചുള്ള പുതിയ വിജ്ഞാപനം സിബിഎസ്ഇ സുപ്രീംകോടതിയിലാണ് സമർപ്പിച്ചത്. ഈ വിജ്ഞാപനം ഉടനെത്തന്നെ സിബിഎസ്ഇ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും സോളിസിറ്റർ ജനറൽ സുപ്രീംകോടതിയെ അറിയിച്ചു.
സിബിഎസ്ഇ സമർപ്പിച്ച വിജ്ഞാപനം സുപ്രീംകോടതി അംഗീകരിച്ചു. പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കൾ സമർപ്പിച്ച ഹർജി ഇതോടെ തീർപ്പാക്കി. ഐസിഎസ്ഇയും ഒരാഴ്ചയ്ക്കുള്ളിൽ വിജ്ഞാപനം ഇറക്കുമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്.
ഇന്‍റേണൽ അസസ്മെന്‍റ് അനുസരിച്ചുള്ള മാർക്കുകൾ ചേർത്ത് പരീക്ഷാഫലം ജൂലൈ 15-നകം പ്രസിദ്ധീകരിക്കുമെന്ന്
പുതിയ വിജ്ഞാപനത്തിൽ പറയുന്നു. വിദ്യാർഥികളുടെ ഇന്‍റേണൽ അസസ്മെന്‍റിന്‍റെ അടിസ്ഥാനത്തിൽ മാർക്ക് നിശ്ചയിക്കും. എല്ലാ പരീക്ഷകളും എഴുതിയ വിദ്യാർത്ഥികൾക്ക് എഴുത്തുപരീക്ഷാ ഫലം തന്നെയാകും അന്തിമമെന്നും വിജ്ഞാപനത്തിലുണ്ട്.
മൂന്ന് പരീക്ഷകൾ മാത്രം എഴുതിയവർക്ക് മികച്ച മാർക്ക് കിട്ടിയ രണ്ട് പരീക്ഷകളുടെ ഫലത്തിന്‍റെ ശരാശരി മാർക്കാകും നടക്കാത്ത മറ്റ് പരീക്ഷകൾക്ക് ലഭിക്കുക. നിലവിലെ കോവിഡ് സാഹചര്യം മെച്ചപ്പെട്ടാൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷ എഴുതാം. ഇതിന്‍റെ ഫലമാണ് അന്തിമമായി കണക്കാക്കുക.
പത്താം ക്ലാസുകാർക്ക് ഇനി പരീക്ഷയില്ല, ഇന്‍റേണൽ അസസ്മെന്‍റ് അനുസരിച്ച് തന്നെയാകും മാർക്ക് കണക്കാക്കുകയെന്നും സിബിഎസ്ഇ സുപ്രീം കോടതിയിൽ സമർപ്പിച്ച വിജ്ഞാപനത്തിൽ സിബിഎസ്ഇ വ്യക്തമാക്കി.