കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്ക്മെയിലിംഗിലൂടെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ നാലാം പ്രതി കോടതിയില്‍ കീഴടങ്ങി. അബ്ദുള്‍ സലാമാണ് എറണാകുളം ജില്ലാ സെക്ഷന്‍സ് കോടതിയില്‍ അഭിഭാഷകനോടൊപ്പമെത്തി കീഴടങ്ങിയത്. എന്നാൽ ഷംന കാസിം ഉന്നയിച്ച ആരോപണങ്ങൾ ഇയാൾ നിഷേധിച്ചു.
പണം തട്ടാൻ ശ്രമിച്ചിട്ടില്ല. യഥാർത്ഥത്തിൽ വിവാഹാലോചനയുമായി തന്നെയാണ് ഷംന കാസിമിന്റെ കുടുംബത്തെ ബന്ധപ്പെട്ടത്. അവർ ഞങ്ങളുടെ സ്റ്റാറ്റസ് പറ്റിയില്ല എന്നറിയിക്കുകയായിരുന്നു എന്ന് ഇയാൾ കീഴടങ്ങാൻ എത്തിയ സമയത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഇനിയും ഒളിവിൽ ഇരുന്നിട്ട് കാര്യമില്ലെന്നും അതിനാലാണ് കീഴടങ്ങുന്നതെന്നും ഇയാൾ പറഞ്ഞു.
കേസില്‍ ഏഴ് പ്രതികള്‍ ഉണ്ടെന്ന് നേരത്തെ പോലീസ് അറിയിച്ചിരുന്നത്. ഇതിൽ നേരത്തെ നാല് പ്രതികളെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. അറസ്റ്റിലായ റഫീഖ്, രമേശ്, ശരത്ത്, അഷ്റഫ് എന്നിവരെ മരട് ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജൂലൈ ഏഴു വരെ റിമാന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ പരാതിയുമായി രംഗത്തെത്തിയതോടെ പ്രതികളുടെ എണ്ണം കൂടുമെന്ന് പോലീസ് പറഞ്ഞു.
ഷംനയുടെ മാതാവ് നല്കിയ പരാതി പ്രകാരമാണ് അറസ്റ്റ്. ഒരു ലക്ഷം രൂപ ചോദിച്ചു, തന്നില്ലെങ്കില്‍ കരിയര്‍ ഇല്ലാതാക്കുമെന്നു പറഞ്ഞായിരുന്നു ഇവരുടെ ഭീഷണി. കാസര്‍ഗോഡ് സ്വദേശിയായ ടിക് ടോക് താരത്തിനുവേണ്ടി വിവാഹ ആലോചനയുമായി വന്നവര്‍ ഒരാഴ്ചകൊണ്ട് കുടുംബവുമായി അടുത്തെന്ന് ഷംന പറഞ്ഞു. തുടര്‍ന്ന് വീട്ടിലെത്തിയ നാല്‍വര്‍ സംഘം വീഡിയോ പകര്‍ത്തിയത് സംശയത്തിനിടയാക്കിയിരുന്നു. ഇതിനു പിന്നാലെയാണു സംഘം ഒരു ലക്ഷം രൂപ നല്‍കണമെന്ന ഭീഷണി ഉയര്‍ത്തിയതെന്ന് ഷംനയുടെ അമ്മ പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.