ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവെച്ച വിമാന സർവീസുകൾ ഭാഗികമായി തുടങ്ങിയേക്കും. നിലവിൽ നടക്കുന്ന വന്ദേ ഭാരത് പദ്ധതിക്ക് പുറമെയാണ് ചില റൂട്ടുകളിൽ സ്ഥിരമായി അന്താരാഷ്‌ട്ര സർവീസുകൾ തുടങ്ങാൻ ആലോചന നടക്കുന്നത്. ലോക്ഡൗൺ ഇളവുകളുടെ രണ്ടാംഘട്ടത്തിൽ ഇത് നടപ്പിലാക്കിയേക്കുമെന്ന് കേന്ദ്രസർക്കാർ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
ന്യൂഡൽഹി-ന്യൂയോർക്ക്, മുംബൈ-ന്യൂയോർക്ക് റൂട്ടുകളിലാവും സർവീസ് തുടങ്ങുക. ഇതിനൊപ്പം ഗൾഫ് സെക്ടറിൽ ചില സ്വകാര്യ വിമാന കമ്പനികൾക്കും അനുമതി നൽകിയേക്കും. എന്നാൽ, അൺലോക്ക് രണ്ടാം ഘട്ടത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങളും മെട്രോ സർവീസുകളും അടഞ്ഞു കിടക്കാൻ തന്നെയാണ് സാധ്യതയെന്നും റിപ്പോർട്ട് ചെയ്യുന്നു.
ജൂൺ 18ന് മുഖ്യമന്ത്രിമാരുമായുള്ള യോഗത്തിൽ കേന്ദ്രസർക്കാർ അൺലോക്ക് 2.0യെ കുറിച്ച് ചിന്തിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ജനങ്ങളുടെ സുരക്ഷ മുൻനിർത്തി മാത്രമാവും ഇളവുകൾ അനുവദിക്കുകയെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ ദിനംപ്രതി കോവിഡ് അതിവേഗം പടരുന്ന സാഹചര്യത്തിൽ തീരുമാനം മാറ്റുമോ എന്ന വിവരവും പങ്കുവെക്കപ്പെടുന്നുണ്ട്.