എറണാകുളം: നടി ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച കേസില്‍ നാല് പേർ പിടിയിൽ. കാസർഗോഡുള്ള ടിക് ടോക് താരമാണെന്ന് പറഞ്ഞ് പരിചയപ്പെട്ട ശേഷം പണം തട്ടാൻ ശ്രമിച്ചെന്നാണ് പരാതി.
പ്രതികളായ നാല് പേര്‍ വീട്ടിലെത്തിയ ശേഷം നടിയുടെ വീടും പരിസരവും വീഡിയോയിൽ പകർത്തിയെന്നും നടിയെ ഫോണില്‍ വിളിച്ച് ലക്ഷങ്ങള്‍ ആവശ്യപ്പെടുകയും, പണം തന്നില്ലെങ്കിൽ കരിയർ നശിപ്പിക്കുമെന്നും ഇക്കാര്യം പുറത്തറിഞ്ഞാൽ കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയെന്നാണ് നടിയുടെ അമ്മ കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്.
തുടർന്ന് ഷാഡോ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. വാടാനപ്പിള്ളി സ്വദേശി റഫീഖ് (30), കടവന്നൂർ സ്വദേശി രമേശ് (35), കൈപ്പമംഗലം സ്വദേശി ശരത്ത് (25), ചേറ്റുവ സ്വദേശി അഷ്റഫ് (52) എന്നിവരെയാണ് ഇന്നലെ രാത്രി മരട് പോലീസ് പിടികൂടിയത്. പ്രതികള്‍ക്കെതിരെ നിരവധി പരാതികള്‍ മറ്റ് പോലീസ് സ്റ്റേഷനുകളിലുണ്ട്.