റാവൽപിണ്ടി: മൂന്ന് താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി) തിങ്കളാഴ്ച അറിയിച്ചതിന് പിന്നാലെ ഇന്ന് ഏഴ് താരങ്ങൾക്ക് കൂടി വൈറസ് ബാധ. ഇംഗ്ലണ്ട് പര്യടനത്തിൽ പെങ്കടുക്കേണ്ടിയിരുന്ന മുഹമ്മദ് ഹഫീസ്, വഹാബ് റിയാസ് എന്നിവരടക്കം ഏഴ് പാക് ക്രിക്കറ്റ് താരങ്ങള്‍ക്ക് കൂടിയാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കോവിഡുള്ള താരങ്ങളുടെ എണ്ണം പത്തായി. താരങ്ങള്‍ക്ക് മസാജിംഗിനായി ടീമിനൊപ്പമുള്ള മലാങ് അലി എന്നയാള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
കാഷിഫ് ഭാട്ടി, മുഹമ്മദ് ഹസ്‌നെയ്ന്‍, ഫഖര്‍ സമന്‍, മുഹമ്മദ് റിസ്വാന്‍, ഇമ്രാന്‍ ഖാന്‍, ഹഫീസ്, റിയാസ് എന്നിവര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഓൾ റൗണ്ടറായ ഷദബ് ഖാൻ, ബാറ്റ്സ്മാൻ ഹൈദർ അലി, ഫാസ്റ്റ് ബൗളർ ഹാരിസ് റഊഫ് എന്നിവർക്ക് തിങ്കളാഴ്ച്ചയായിരുന്നു സ്ഥിരീകരിച്ചത്.
ജൂണ്‍ 28ന് ലഹോറില്‍ നിന്ന് ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ മാഞ്ചസ്റ്ററിലേക്കു പോകാനിരിക്കുന്ന 29 അംഗ പാക് ടീമില്‍ ഉള്‍പ്പെട്ടവര്‍ക്കാണ് കോവിഡ്. കറാച്ചി, ലഹോര്‍, പെഷാവര്‍ എന്നിവിടങ്ങളില്‍ ടെസ്റ്റ് നടത്തിയ താരങ്ങളും പരിശീലകരും ഉള്‍പ്പെടെയുള്ള 35 പേരുടെ ഫലം കൂടി ഇന്നു വന്നതോടെയാണ് രോഗം ബാധിച്ചവരുടെ എണ്ണം ഉയര്‍ന്നത്.
മൂന്നു ടെസ്റ്റുകളും മൂന്ന് ട്വന്റി20 മത്സരങ്ങളും ഉള്‍പ്പെടുന്ന പരമ്ബരയ്ക്കായാണ് പാക് ടീം പോകുന്നത്. 10 താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെങ്കിലും പരമ്ബര മുന്‍ നിശ്ചയിച്ച പ്രകാരം നടക്കും. രോഗം സ്ഥിരീകരിച്ചവരോടെല്ലാം ഐസലേഷനില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചതായും പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.
ടെസ്റ്റ്പരമ്പരയിലെ ആദ്യ മത്സരം ആഗസ്റ്റ് അഞ്ച് മുതൽ ഒമ്പത് വരെ മാഞ്ചസ്റ്ററിലെ ഓൾഡ് ട്രഫോൾഡ് സ്റ്റേഡിയത്തിൽ നടക്കും. രണ്ടാമത്തെ മത്സരം 13 മുതൽ 17 വരെയും മൂന്നാമത്തേത് 21 മുതൽ 25 വരെയും സതാംപ്ടനിലാണ് നടക്കുക. ട്വൻറി20 മത്സരങ്ങളും ഇവിടെയാണ്. ആഗസ്റ്റ് 28, 30, സെപ്റ്റംബർ ഒന്ന് തീയതികളിലാണ് ട്വൻറി20 മത്സരങ്ങൾ.