വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം സിനിമയാകുന്നത് സംബന്ധിച്ച വിവാദം സമൂഹമാധ്യമങ്ങളില്‍ കത്തിപടരുകയാണ്.
‘ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് ‘മലയാളരാജ്യം’ എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങൾ സിനിമയാക്കുന്നു. ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാർ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാർഷികത്തിൽ (2021) ചിത്രീകരണം ആരംഭിക്കുന്നു.’- പൃഥ്വിരാജ് ഫെയ്സ്ബുക്കിൽ പങ്കുവച്ച ഈ പോസ്റ്റ് നിമിഷങ്ങൾ െകാണ്ടാണ് കേരളത്തിൽ ചർച്ചയായത്.
വാരിയംകുന്നന്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ പൃഥ്വിരാജ് ആണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ അവതരിപ്പിക്കുന്നത്. സിനിമയ്ക്കും പൃഥ്വിരാജിനുമെതിരെ ചില ബിജെപി നേതാക്കൾ അടക്കം ഒരു വിഭാഗം രംഗത്തുവന്നു. പല സംഘപരിവാര്‍ നേതാക്കളും പ്രിത്വിരാജ് ചിത്രത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യം ഉന്നയിക്കുന്നുണ്ട്.
മലബാര്‍ ലഹളയെ ഹിന്ദു വിരുദ്ധ കലാപമെന്നാണ് സംഘപരിവാര്‍ നേരത്തെ മുതല്‍ വിശേഷിപ്പിക്കുന്നത്. കുഞ്ഞഹമ്മദ് ഹാജിയെ ഹിന്ദുക്കളെ കൊന്ന വര്‍ഗീയവാദിയായാണ് നാളിതുവരെ സംഘപരിവാര്‍ വിശേഷിപ്പിച്ച് പോന്നിരുന്നത്.
സംവിധായകന്‍ ആഷിക് അബുവിനും നടന്‍ പൃഥ്വിരാജിനും പുറമെ ആഷികിന്‍റെ ഭാര്യയും നടിയുമായ റിമ കല്ലിങ്കലിനെതിരെ വരെ ആക്രമണം ശക്തമായിരിക്കുകയാണ്. പൃഥിരാജും ആഷിഖും റിമയും അടക്കമുള്ളവരുടെ പേജുകളില്‍ അഭ്യവും വര്‍ഗീയ കമന്റുകളും നിറഞ്ഞിരിക്കുകയാണ്.
ആരായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി?
ശക്തരായ ബ്രിട്ടിഷ് ഭരണകൂടത്തെ എതിർത്ത വിപ്ലവ നേതാവെന്ന നിലയിൽ കേരളത്തിന്റെ കൊളോണിയൽ ചരിത്രത്തിലെ ഉന്നത സ്ഥാനങ്ങളിൽ നിൽക്കുന്ന വ്യക്തിയാണ് കുഞ്ഞഹമ്മദ് ഹാജി. 1870 കളിൽ ഒരു സമ്പന്ന മുസ്ലീം കുടുംബത്തിൽ ജനിച്ച അദ്ദേഹം, ബ്രിട്ടിഷുകാർ നാട്ടുകാർക്കും സ്വന്തം കുടുംബത്തിനും നേർക്ക് നടത്തിയ പീഡനത്തിന്റെയും അനീതിയുടെയും കഥകൾ കേട്ടാണ് വളർന്നത്. ബ്രിട്ടീഷുകാർക്കെതിരേ പോരാടിയതിന്റെ പേരിൽ ആൻഡമാൻ ദ്വീപുകളിലേക്ക് നാടുകടത്തപ്പെടുകയും തടവിലാക്കപ്പെടുകയും ചെയ്ത വ്യക്തിയാണ് അദ്ദേഹത്തിന്റെ പിതാവ്. അത്തരം വ്യക്തിപരമായ സംഭവങ്ങൾ, ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ കുഞ്ഞഹമ്മദിനുള്ളിലെ പ്രതികാരത്തിന്റെ തീ ആളിക്കത്തിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിച്ചു.
സമര നേതൃത്വത്തിലേക്ക്
കുഞ്ഞഹമ്മദ് ഹാജിയുടെ ദേശീയ ബോധവും ബ്രിട്ടീഷ് വിരോധവും 20-ാമത്തെ വയസ്സില്‍ തന്നെ മലബാര്‍ മാപ്പിള സമരത്തിന്റെ നേതൃനിരയില്‍ അദ്ദേഹത്തെ എത്തിച്ചു. ബ്രിട്ടിഷുകാരുടെ കീഴിലുള്ള ഭൂപ്രഭുക്കൾ കൃഷിക്കാരെ ചൂഷണം ചെയ്യുന്നതിനെക്കുറിച്ചു പ്രതിപാദിക്കുന്ന, പിന്നീട് ബ്രിട്ടിഷുകാർ നിരോധിച്ച, അത്തരം രചനകളെ ഉയർത്തിക്കൊണ്ടുവന്ന് കുഞ്ഞഹമ്മദ് ഹാജി ഒരേസമയം ബ്രിട്ടിഷുകാരെ വെല്ലുവിളിക്കുക്കുകയും പ്രാദേശിക ജനതയ്ക്കിടയിൽ അവർക്കെതിരായ വികാരങ്ങൾ ആളിക്കത്തിക്കുകയും ചെയ്തു. കൊളോണിയൽ ഭരണാധികാരികൾക്കെതിരേ ശക്തിപ്പെട്ടു വരാൻ തുടങ്ങിയ രോഷത്തിന്റെ ഒരു തുടർച്ചയായിരുന്നു ഈ പ്രവർത്തനങ്ങൾ, ഇവയാണ് 1921ലെ മലബാർ പ്രക്ഷോഭത്തിലേക്ക് നയിച്ചതെന്നും കരുതപ്പെടുന്നു.
മലബാർ സമരനേതൃത്വം
ബോംബയിൽ ഉള്ള പ്രാവാസ ജീവിതത്തിനിടെ ഗാന്ധിജിയുടെ ആശയങ്ങളിൽ കുഞ്ഞഹമ്മദ് ഹാജിക്ക് പ്രതിപത്തി തോന്നിയിരുന്നു. 1908ൽ മഞ്ചേരി രാമയ്യർ മുഖേന കോൺഗ്രെസ്സിലെത്തുന്നതും അങ്ങനെയാണ്.1920 ജൂലായ് 18 ന് കോഴിക്കോട് ജൂബിലി ഹാളിൽ നടന്ന മലബാർ ജില്ലയിലെ മുസ്ലിംകളുടെ ഒരു യോഗത്തിൽ മലബാർ ഖിലാഫത്ത് കമ്മിറ്റി രൂപീകരിക്കപ്പെട്ടതോടെ ഹാജിയുടെ പ്രവർത്തന മേഖല അതായി മാറി. 1920 ആഗസ്റ്റ് മാസത്തിൽ ഗാന്ധിജിയും, ഷൗക്കത്തലിയും സംബന്ധിച്ച കോഴിക്കോട് കടപ്പുറത്തെ അമ്പതിനായിരത്തോളം പേർ പങ്കെടുത്ത യോഗത്തിൽ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ലിയാർ, കൊന്നാര മുഹമ്മദ് കോയ തങ്ങൾ, കുമരംപുത്തൂർ സീതിക്കോയ തങ്ങൾ, ചെമ്പ്രശ്ശേരി കുഞ്ഞിക്കോയ തങ്ങൾ എന്നിവർ പ്രതേക ക്ഷണിതാക്കളായി സംബന്ധിച്ചു. ഖിലാഫത്ത് പ്രവർത്തനങ്ങൾ ഏറനാട്ടിലും വള്ളുവ നാട്ടിലും സജീവമായി നടക്കാൻ തുടങ്ങിയത് ഇതിനു ശേഷമാണ്. ബ്രിട്ടീഷ് അധികാരികളിൽ നിന്നും ജന്മികളിൽ നിന്നും കുടിയാന്മാർക്കെതിരായുള്ള ഒഴിപ്പിക്കലും, തൃശൂരിലെ ഖിലാഫത്ത് പ്രകടനം, മാധവ മേനോൻ, യാക്കൂബ് ഹസ്സൻ എന്നിവരുടെ അറസ്ററ്, ഹാജിയുടെ പ്രസംഗങ്ങൾ നിരോധിച്ചു കലക്ടർ ഉത്തരവ് പോലുള്ള ]ചില പ്രകോപനങ്ങൾ ഒഴിച്ച് നിർത്തിയാൽ ആഗസ്ററ് 19 വരെ മലബാർ മേഖല ഏറെ കുറെ ശാന്തമായിരുന്നു.
ആഗസ്ററ് 19-ന് ബ്രിട്ടീഷ് സൈന്യം മമ്പുറം കിഴക്കേ പള്ളിയിൽ നടത്തിയ തിരച്ചിലാണ് മലബാർ കലാപത്തിൻറെ മൂല ഹേതു. ഇതിനു കാരണമായ സംഭവവികാസങ്ങൾ അരങ്ങേറുന്നതാവട്ടെ ആഗസ്ററ് മാസം തുടക്കത്തിലും. പൂക്കോട്ടൂർ കോവിലകത്തെ കാര്യസ്ഥനായ വടക്കേ വീട്ടിൽ മമ്മദ്നു ലഭിക്കേണ്ട കൂലിയെ പറ്റിയുള്ള തർക്കത്തെ തുടർന്ന് തിരുമൽപ്പാട് മമ്മദിനെ അറസ്റ്റു ചെയ്യിപ്പിക്കാൻ കരുക്കൾ നീക്കി. ഇൻസ്‌പെക്ടർ നാരായണ മേനോനെ വളഞ്ഞ മാപ്പിളമാർ അറസ്റ് ചെയ്യില്ലെന്ന് മമ്പുറം തങ്ങൾളുടെ പേരിൽ നാരായണ മേനോനെ കൊണ്ട് സത്യം ചെയ്യിക്കുകയും സ്വരാജിന് ജയ് വിളിപ്പിക്കുകയും ചെയ്തു. പൂക്കോട്ടൂർ തോക്ക് കേസ് നടന്ന അതേ വാരമാണ് വിലക്ക് ലംഘിച്ചു ആലിമുസ്ലിയാരും സംഘവും ചേരൂർ മഖ്ബറ തീർത്ഥാടനം നടത്തുന്നതും. ഈ രണ്ട് സംഭവങ്ങളും അരങ്ങേറിയത്തിൽ അരിശം പൂണ്ട മലബാർ കലക്ടർ തോമസ് മുൻകാലങ്ങളെ പോലെ മാപ്പിളമാർ ബ്രിട്ടീഷ് സർക്കാരിനെതിരെ യുദ്ധത്തിന് ഒരുങ്ങുന്നുണ്ടെന്നും ചേരൂർ മഖാം സന്ദർശനം അതിനു മുന്നോടിയാണെന്നും, മമ്പുറം പള്ളികളിൽ ആയുധ ശേഖരം ഉണ്ടെന്നും അത് പിടിച്ചെടുക്കണമെന്നും ഉത്തരവിട്ടതിനെ തുടർന്ന് ആഗസ്ത് 19ന് ബ്രിട്ടീഷ് പട്ടാളം മമ്പുറം കിഴക്കേ പള്ളി റൈഡ് ചെയ്തു. ആയുധങ്ങൾ ഒന്നും കണ്ടെടുക്കപ്പെട്ടില്ലെങ്കിലും കാര്യങ്ങൾ അതോടെ കൈവിട്ടു പോയി. വെള്ളപ്പട്ടാളം മമ്പുറം മഖാം പൊളിച്ചെന്നും കിഴക്കേ പള്ളി മലിനമാക്കിയെന്നുമുള്ള വ്യാജ വാർത്ത പരക്കെ പരന്നു. നിമിഷാർദ്ധത്തിൽ ആയിരക്കണക്കിനാളുകൾ മമ്പുറത്തേക്ക് ഒഴുകി.
1921 ആഗസ്റ്റ് 20 ന് തിരൂരങ്ങാടിയില്‍ ആലി മുസ്‌ലിയാരുടെ നേതൃത്വത്തില്‍ വന്ന മാപ്പിള നിവേദക സംഘത്തിനു നേരെ പട്ടാളം വെടിവെച്ചു. ഈ വാര്‍ത്ത മാപ്പിള നാട്ടില്‍ ആകെ പരന്നു. തിരൂരങ്ങാടി ജുമുഅത്ത് പള്ളിയും മമ്പുറം മഖാമും വെടി മൂലം തകര്‍ന്നിട്ടുണ്ടെന്ന ശ്രുതിയുമുണ്ടായിരുന്നതിനാല്‍ മാപ്പിളമാര്‍ ക്ഷുഭിതരായി 1921 ആഗസ്റ്റ് 21 ന് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ നേതൃത്തില്‍ പാണ്ടിക്കാട് പോലീസ് സ്‌റ്റേഷന്‍ ആക്രമിക്കപ്പെട്ടു. സ്റ്റേഷനിലെ പോലീസുകാര്‍ ഒളിച്ചോടി. ഹാജിയും കൂട്ടരും സ്‌റ്റേഷനിലെ തോക്കുകളും മറ്റും കൈവശപ്പെടുത്തി. ഇതോടെയാണ് ലഹള ആരംഭിക്കുന്നതും വാരിയൻകുന്നന്റെ കീഴിൽ വിപ്ലവ സർക്കാർ രൂപീകരിക്കപ്പെടുന്നതും. 20 മുതൽ 30 വരെ ആലിമുസ്ലിയാർ ആയിരുന്നു സമാന്തര സർക്കാർ ഭരണാധികാരി. ആലി മുസ്ലിയാരിനു ശേഷം സമ്പൂർണ്ണർത്ഥത്തിൽ വാരിയൻ കുന്നൻ കുഞ്ഞഹമ്മദ് ഹാജി രാജാവായി മാറി.
സുല്‍ത്താന്‍ കുഞ്ഞഹമ്മദ് ഹാജി
സുല്‍ത്താന്‍ കുഞ്ഞഹമ്മദ് ഹാജി എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. ടിപ്പു സുല്‍ത്താന് ശേഷം ബ്രിട്ടീഷുകാരുടെ യഥാര്‍ഥ വിരോധി എന്ന നിലക്ക് തന്നെയായിരുന്നു ഈ സ്ഥാനപ്പേര് അദ്ദേഹത്തിന് നാട്ടുകാര്‍ നല്‍കിയത്. 1921-22 ലെ ഖിലാഫത്ത് സമരനേതാക്കളില്‍ അതുല്യനായിരുന്നു വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. അടി പതറാത്ത ആത്മസ്ഥൈര്യത്തോടും നിശ്ചയദാര്‍ഢ്യത്തോടും അദ്ദേഹം ബ്രിട്ടീഷു സാമ്രാജ്യത്വത്തിനെതിരായി പോരാടാന്‍ മാപ്പിളമാര്‍ക്ക് നേതൃത്വം നല്‍കി. ഒരു നിയന്ത്രണവുമില്ലാതെ കൊള്ളയും കൊലയും നടത്തിയിരുന്ന മാപ്പിളമാരെ അദ്ദേഹം അച്ചടക്കമുള്ളവരാക്കി. ഹിന്ദുക്കള്‍ക്കെതിരെ ആയിരുന്നില്ല അദ്ദേഹത്തിന്റെ പോരാട്ടം. മറിച്ച് ബ്രിട്ടീഷ് പട്ടാളത്തിനും അവരെ സഹായിക്കുന്ന ഹിന്ദു മുസ്‌ലിം ജന്മിമാര്‍ക്കുമെതിരെയായിരുന്നു. ചേക്കുട്ടിയെ വധിച്ചതിന്റെയും കൊണ്ടോട്ടി തങ്ങന്മാരെ ആക്രമിച്ചതിന്റെയും കാരണവും മറ്റൊന്നുമല്ല. ഹിന്ദു മുസ്‌ലിം സൗഹാര്‍ദ്ദമാണ് അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചത്.
നീതിമാനായ ഭരണാധികാരി
1921-ലെ വിമോചന സമരം നിമിത്തം ബ്രിട്ടീഷ് സാമ്രാജ്യം വിയര്‍ത്തു. ഒമ്പത് മാസക്കാലത്തോളം മാപ്പിള നാട്ടില്‍ ഭരണസ്തംഭനം നിലനിന്നു. അക്കാലത്ത് ലഹള ബാധിത പ്രദേശങ്ങളിലെ ഹിന്ദുക്കളും മുസ്‌ലിംകളും കുഞ്ഞഹമ്മദ് ഹാജിയുടെ പാസ്‌പോര്‍ട്ടോടുകൂടി മാത്രമേ സഞ്ചരിച്ചിരുന്നുള്ളൂ. സാമ്രാജ്യത്തിനനുകൂലമായിരുന്ന ഹിന്ദുക്കളെയും മുസ്‌ലിംകളെയും ശിക്ഷിക്കാനും അവരുടെ നേരെ വിട്ടുവീഴ്ചയില്ലാത്ത അസഹിഷ്ണുത പ്രകടിപ്പിക്കാനും അദ്ദേഹം ഉത്തരവ് നല്‍കി. കൊള്ള, കവര്‍ച്ച, മോഷണം മുതലായ അപരാധങ്ങള്‍ക്ക് അദ്ദേഹം കടുത്ത ശിക്ഷ നല്‍കിയിരുന്നു. ഹാജിയുടെ കോടതിയില്‍ മൂന്നുപേരെ വധശിക്ഷക്കുവിധിച്ചിരുന്നു. ഹിന്ദു സ്ത്രീകളെ മാനഭംഗപ്പെടുത്തിയെന്നായിരുന്നു അവര്‍ക്കെതിരെയുണ്ടായിരുന്ന കുറ്റം.
ഹിന്ദു മുസ്‌ലിം ഐക്യം
ഹിന്ദു മുസ്‌ലിം സൗഹാര്‍ദത്തിനു വേണ്ടി മഞ്ചേരിയിലും മറ്റു പ്രദേശങ്ങളിലും കുഞ്ഞഹമ്മദ് ഹാജി ആഹ്വാനം ചെയ്തത് അധികാരികളെ നിരാശരാക്കി. അവര്‍ പ്രതീക്ഷിച്ചത് മറ്റൊന്നായിരുന്നു. മഞ്ചേരിയില്‍ വെച്ച് കുഞ്ഞഹമ്മദ് ഹാജി ചെയ്ത ഹൃദയസ്പൃക്കായ ഉദ്‌ബോധന പ്രസംഗം ഹിന്ദു സഹോദരന്മാരെ ആവേശം കൊള്ളിച്ചു. പ്രസ്തുത യോഗത്തില്‍ ഏറനാട് താലൂക്ക് കോണ്‍ഗ്രസ്സ് സെക്രട്ടറി എം.പി. നാരായണ മേനോന്‍ പങ്കെടുക്കുകയുണ്ടായി.
മറ്റു നേതാക്കളോടൊപ്പം കുഞ്ഞഹമ്മദ് ഹാജിയും ഏറനാട്ടിലെവിടെയും യോഗങ്ങള്‍ സംഘടിപ്പിക്കുകയോ പ്രസംഗിക്കുകയോ ചെയ്യുന്നത് നിരോധിച്ചുകൊണ്ട് കലക്ടര്‍ തോമസ് 1921 ഫെബ്രുവരി ഇരുപത്തിയഞ്ചിന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 1920 മേയ് ഒന്നാം തിയ്യതിയിലെ ഹിന്ദു പത്രത്തില്‍ പ്രസിദ്ധീകരിച്ച മഞ്ചേരി സമ്മേളനം അവലോകനം ചെയ്തുകൊണ്ടുള്ള ദീര്‍ഘമായൊരു റിപ്പോര്‍ട്ടില്‍ കുഞ്ഞഹമ്മദ് ഹാജിയുടെ പേര് പറയുന്നുണ്ട്.
‘മാപ്പിള കര്‍ഷക നേതാവ് കുഞ്ഞഹമ്മദ് ഹാജിയുടെ നേതൃത്വത്തില്‍ മൗലാനാ ആസാദിന്റെ ‘തര്‍ക്കെമുഖാവലത്ത്’ എന്ന ലഘുലേഖയുടെ മലയാള പരിഭാഷ വിതരണം ചെയ്തിരുന്നതിനെയും റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു. ഈ മാപ്പിള കര്‍ഷക നേതാവ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഈ ദേശത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി എത്രത്തോളം പ്രവര്‍ത്തിച്ചുവെന്നത് വെള്ളക്കാര്‍ നന്നായി തിരിച്ചറിഞ്ഞിരിക്കുന്നു.’
വെള്ളക്കാരുടെ ഔദാര്യം പറ്റി, അവര്‍ക്കുവേണ്ടി വക്കാലത്ത് പറയുന്നവരാരായാലും കുഞ്ഞഹമ്മദ് ഹാജിയുടെ കണ്ണില്‍ ശത്രുക്കളായിരുന്നു. അത് കൊണ്ടോട്ടി തങ്ങളോ കോന്തുനായരോ ആരാണെങ്കിലും. അത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഹാജി മറന്നില്ല.
ഒറ്റിക്കൊടുപ്പ്
ഹിന്ദുക്കളിലും മുസ്‌ലിംകളിലും പെട്ട ചിലര്‍ ബ്രിട്ടീഷ് പട്ടാളക്കാരെ സഹായിച്ചിരുന്നു. വിപ്ലവകാരികളെ ഒറ്റിക്കൊടുക്കാനും സമരത്തെ അടിച്ചമര്‍ത്താനും ബ്രിട്ടീഷുകാരോടൊപ്പം അവര്‍ നിന്നു. എന്നാല്‍ ചിലര്‍ പട്ടാക്കാരെ സഹായിക്കുക മാത്രമല്ല പട്ടാളക്കാരോടൊപ്പം നടന്ന് മാപ്പിള വീടുകള്‍ കൊള്ള ചെയ്യുകയും വിപ്ലവകാരികളുടെ സങ്കേതം ഒറ്റിക്കൊടുക്കുകയും ചെയ്തിരുന്നു. അക്കൂട്ടത്തിലും ഹിന്ദുക്കള്‍ മാത്രമല്ല മാപ്പിളമാരുമുണ്ടായിരുന്നുവെന്ന സത്യം വിപ്ലവകാരികള്‍ മറച്ച് വെച്ചിട്ടില്ല. പട്ടാളത്തിന്റെ സഹായികളേയും ഒറ്റുകാരേയും വിപ്ലവകാരികള്‍ മുഖം നോക്കാതെ ശിക്ഷിച്ചിട്ടുണ്ട്. വിപ്ലവ നേതാവ് കുഞ്ഞഹമ്മദ് ഹാജിയുടെ 21 ഒക്ടോബര്‍ 18 ന് ഹിന്ദു ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച പ്രസ്താവന ഈ സംഭവങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ്.
” എന്റെ ആള്‍ക്കാര്‍ ഹിന്ദുക്കളെ നിര്‍ബന്ധിച്ച് മതം മാറ്റാന്‍ ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ട് അസത്യമാണ്. പോലീസ് ചാരന്മാര്‍ ഇത്തരം ഹീനകൃത്യങ്ങള്‍ നടത്തി ഞങ്ങള്‍ക്ക് ചീത്തപ്പേരുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നതാണ് വാസ്തവം. ഗവണ്‍മെന്റിനെ സഹായിക്കുന്ന ചില ഹിന്ദുക്കളെ എന്റെ ആള്‍ക്കാര്‍ ഉപദ്രവിച്ചിരിക്കാം. ഗവണ്‍മെന്റിനെ സഹായിക്കുന്ന മാപ്പിളമാരെയും ഞാന്‍ ശിക്ഷിക്കും. നിലമ്പൂര്‍ തമ്പുരാനും നമ്പൂതിരിയുമാണ് ഈ കലാപത്തിന്റെ തുടക്കത്തിന് കാരണക്കാര്‍. ഹിന്ദുക്കളെ നിര്‍ബന്ധിച്ച് പട്ടാളത്തില്‍ ചേര്‍ക്കുകയാണ് അവര്‍. ഇതില്‍നിന്ന് ഒഴിയാനായി വളരെയേറെ ഹിന്ദുക്കള്‍ എന്റെയടുത്ത് വന്ന് അഭയം തേടിയിരിക്കുകയാണ്. നിര്‍ദോഷികളായ മനുഷ്യരെ ദ്രോഹിക്കുക എന്നതില്‍ കവിഞ്ഞ് ഗവണ്‍മെന്റിന് ഇവിടെ ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. മലബാറിലെ ജനങ്ങളെ വേട്ടയാടുകയാണവര്‍. ഇക്കാര്യം ലോകത്തിലുള്ള എല്ലാവരും അറിയട്ടെ. മഹാത്മജിയും മൗലാനയും അറിയട്ടെ.” – എന്ന് കുഞ്ഞഹമ്മദ് ഹാജി പ്രസ്താവിച്ചു.
മലയാളരാജ്യം
ഹാജിയടക്കമുള്ളവർ നയിച്ച പോരാട്ടം പഴയ മലബാർ ജില്ലയിലെ ഏറനാട്, വള്ളുവനാട് താലൂക്കുകളിൽ വ്യാപിക്കാൻ തുടങ്ങിയപ്പോൾ, ബ്രിട്ടീഷ് ഉദ്യോഗസ്ഥരും അവരോട് വിശ്വസ്തത പുലർത്തിയിരുന്ന പ്രാദേശിക പൊലീസുകാരം അവിടെനിന്ന് ഓടിരക്ഷപ്പെട്ടു, മേഖലയുടെ വലിയ ഭാഗം പ്രാദേശത്തെ വിമതരുടെ നിയന്ത്രണത്തിലായി. 1921 ഓഗസ്റ്റിൽ ഹാജിയെ എതിരില്ലാത്ത നേതാവാക്കിക്കൊണ്ട് ഈ പ്രദേശം ഒരു സ്വതന്ത്ര രാജ്യമായി പ്രഖ്യാപിക്കപ്പെട്ടു. മലയാള രാജ്യം എന്നാണ് സ്വന്ത്രത്യ രാജ്യത്തിനു നൽകിയ പേര്.
ആറുമാസത്തോളം, നിലമ്പൂർ അസ്ഥാനമായി ഹാജി സമാന്തര ഖിലാഫത്ത് ഭരണം നടത്തി, പ്രത്യേക പാസ്‌പോർട്ട്, കറൻസി, നികുതി സമ്പ്രദായം എന്നിവയടക്കം. അക്കാലത്ത്, ഖിലാഫത്ത് ഭരണം അട്ടിമറിക്കാനുള്ള ബ്രിട്ടീഷുകാരുടെ ഏതൊരു ശ്രമത്തെയും തകർക്കുക എന്ന ലക്ഷ്യത്തോടെ ഹിന്ദു പുരുഷന്മാരുടെ പങ്കാളിത്തത്തോടെ വിപുലമായ ഒരു സൈന്യം രൂപീകരിച്ചു. കുടികിടപ്പുകാർക്ക് അവർ കൃഷി ചെയ്ത ഭൂമിയുടെ അധികാരവും നികുതി ആനുകൂല്യങ്ങളും നൽകി.
എന്നാൽ ഭരണം അധികനാൾ നീണ്ടുനിന്നില്ല. 1922 ജനുവരിയിൽ, കുഞ്ഞഹമ്മദ് ഹാജിയെ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായ ഉണ്യൻ മുസ്‌ലിയാർ വഴി, ഒരു ഉടമ്പടിയുടെ മറവിൽ ബ്രിട്ടിഷുകാർ ചതിക്കുകയും അറസ്റ്റ് ചെയ്ത് ബ്രിട്ടിഷ് ജഡ്ജിയുടെ മുന്നിൽ ഹാജരാക്കുകയും ചെയ്തു. അദ്ദേഹവും അടുത്ത അനുയായികളും വധശിക്ഷക്ക് വിധിക്കപ്പെട്ടു.
മരണം
1922 ജനുവരി 20 ഉച്ചയ്ക്ക് മലപ്പുറം-മഞ്ചേരി റോഡിൻറെ ഒന്നാം മൈലിനടുത്ത വടക്കേ ചരിവിൽ (കോട്ടക്കുന്ന്) ഹാജിയുടെയും രണ്ട് സഹായികളുടെയും വധശിക്ഷ നടപ്പാക്കി. കോട്ടും തലപ്പാവും ധരിച്ച് കസേരയിൽ ഇരുന്ന ഹാജിയുടെ രണ്ടുകൈകളും പിന്നോട്ട് പിടിച്ചു കെട്ടിയ ശേഷം കസേരയടക്കം ദേഹവും വരിഞ്ഞുമുറുക്കി.
“നിങ്ങൾ കണ്ണ് കെട്ടി പിറകിൽ നിന്നും വെടി വെച്ചാണല്ലോ കൊല്ലാറ്. എന്നാൽ എന്റെ കണ്ണുകൾ കെട്ടാതെ, ചങ്ങലകൾ ഒഴിവാക്കി മുന്നിൽ നിന്ന് വെടിവെക്കണം. എൻറെ ജീവിതം നശിപ്പിക്കുന്ന വെടിയുണ്ടകൾ വന്നു പതിക്കേണ്ടത് എൻറെ നെഞ്ചിലായിരിക്കണം. അതെനിക്ക് കാണണം, ഈ മണ്ണിൽ മുഖം ചേർത്ത് മരിക്കണം”- എന്ന് ഹാജി ആവശ്യപ്പെട്ടു.
അന്ത്യാഭിലാഷം അംഗീകരിച്ചു കണ്ണ് കെട്ടാതെ നെഞ്ചിലേക്ക് വെടിയുതിർത്ത് ഹാജിയുടെ വധ ശിക്ഷ ബ്രിട്ടീഷ് പട്ടാളം നടപ്പിൽ വരുത്തി. മറവു ചെയ്താൽ പുണ്യപുരുഷന്മാരായി ചിത്രീകരിച്ചു നേർച്ചകൾ പോലുള്ള അനുസ്മരണങ്ങൾ ഉണ്ടാകുമെന്ന ഭയം കാരണം ഹാജിയുടേതടക്കം മുഴുവൻ പേരുടെയും മൃതദേഹങ്ങൾ വിറകും മണ്ണെണ്ണയും ഒഴിച്ച് കത്തിച്ചു കളഞ്ഞു. കൂട്ടത്തിൽ വിപ്ലവ സർക്കാരിന്റെ മുഴുവൻ രേഖകളും അഗ്നിക്കിരയാക്കുകയും ചെയ്തു.