മുംബൈ: ലോക കോടീശ്വരന്മാരുടെ പട്ടികയിൽ ഒമ്പതാം സ്ഥാനത്തേക്കുയർന്ന് റിലയൻസ് ഉടമ മുകേഷ് അംബാനി. ബ്ലൂംബെർഗിന്‍റെ കോടിപതികളുടെ പട്ടികയിലാണ് ആദ്യ പത്തിലുള്ള ഏക ഏഷ്യക്കാരനായി മുകേഷ് അംബാനി ഇടം പിടിച്ചത്. 450 കോടി ഡോളറിന്‍റെ (ഏകദേശം 4.90 ലക്ഷം കോടി രൂപ) സമ്പത്തുമായി ഫ്രാൻസിലെ ഫ്രാങ്കോസ് ബെറ്റൺകോർട്ട് മെയേഴ്സ്, ഒറാക്കിൾ കോർപ്പറേഷന്‍റെ ലാരി എലിസൺ എന്നിവരെ മറികടന്നാണ് അദ്ദേഹം ഈ നേട്ടം സ്വന്തമാക്കിയത്.
നാലുമാസത്തിനിടെ മുകേഷ് അംബാനിയുടെ സമ്പത്തില്‍ 2.13 ലക്ഷം കോടി രൂപയുടെ വർധനവാണുണ്ടായത്. ഓഹരി വില കൂടിയതോടെ റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപണിമൂല്യം ഡോളറിന്റെ വിലയിൽ കണക്കാക്കിയാൽ 15,000 കോടി ഡോളറിലെത്തി. അതായത്, 11.4 ലക്ഷം കോടി രൂപ. ഇതോടെ, വിപണിമൂല്യത്തിൽ ലോകത്തിലെ 57-ാമത്തെ വലിയ കമ്പനി എന്ന സ്ഥാനം റിലയൻസ് സ്വന്തമാക്കി.
ഓഹരി വിലയിലെ മുന്നേറ്റം തുടർന്നാൽ വൈകാതെ ആദ്യ അമ്പതിൽ ഇടം പിടിക്കാൻ ഈ ഇന്ത്യൻ കമ്പനിക്ക് കഴിയും. ജിയോ പ്ലാറ്റ്ഫോമിൽ 11 വിദേശ നിക്ഷേപക സ്ഥാപനങ്ങൾ നടത്തിയ 1.15 ലക്ഷം കോടിയുടെ നിക്ഷേപമടക്കം ഇതിൽ നിർണായകമായി. റിലയൻസ് ഇൻഡസ്ട്രീസിനെ 2021 മാർച്ചിനകം കടബാധ്യതയിൽനിന്ന് മുക്തമാക്കുമെന്ന് അദ്ദേഹം നേരത്തേ പ്രഖ്യാപിച്ചിരുന്നു. ലക്ഷ്യമിട്ടതിലും ഏറെ നേരത്തേ ഈ നേട്ടം കൈവരിച്ചുകഴിഞ്ഞു.