ന്യൂഡല്‍ഹി: രാജ്യത്ത് മദ്യവില്‍പന ആരംഭിക്കാന്‍ ഒരുങ്ങി ആമസോണ്‍. പശ്ചിമ ബംഗാളിൽ മദ്യം വിതരണം ചെയ്യാൻ ആമസോണിന് അനുമതി ലഭിച്ചു. ഇന്ത്യയുടെ കോടിക്കണക്കിന് വ്യവസായ മേഖലയിലേക്കുള്ള ആമസോണിന്‍റെ ആദ്യ പ്രവേശനത്തെ ഇത് സൂചിപ്പിക്കുന്നതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഐഡബ്ല്യൂഎസ്ആര്‍ ഡ്രിങ്ക്‌സ് മാര്‍ക്കറ്റ് അനാലിസിസിന്റെ 2720 കോടി ഡോളര്‍ മൂല്യമുള്ള സംസ്ഥാനത്തെ മദ്യവിപണിയിലേക്കാണ് ആമസോണ്‍ രംഗപ്രവേശം ചെയ്യുന്നത്.
സംസ്ഥാനത്ത് മദ്യവിൽപ്പനയുടെ ഓൺലൈൻ റീട്ടെയിൽ വ്യാപാരം നടത്തുന്ന അംഗീകൃത ഏജൻസിയായ പശ്ചിമ ബംഗാൾ സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ വെള്ളിയാഴ്ച അയച്ച നോട്ടീസിൽ അധികൃതരുമായി രജിസ്ട്രേഷന് അർഹതയുണ്ടെന്ന് കണ്ടെത്തിയ കമ്പനികളിലൊന്നാണ് ആമസോൺ എന്ന് വ്യക്തമാക്കി. സംസ്ഥാനവുമായി ധാരണാപത്രത്തില്‍ ഒപ്പിടാന്‍ ആമസോണിനെ ക്ഷണിച്ചിട്ടുണ്ട്.
അലിബാബയുടെ പിന്തുണയില്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ബിഗ്ബാസ്‌ക്കറ്റ് എന്ന ഓണ്‍ലൈന്‍ ഗ്രോസറി വിതരണ സ്ഥാപനത്തിനും ബംഗാളില്‍ മദ്യം വില്‍പന നടത്താന്‍ അനുമതി ലഭിച്ചിട്ടുണ്ട്.
ഇന്ത്യയിലെ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ സേവനങ്ങളായ സ്വിഗ്ഗിയും, സൊമാറ്റോയും ചില നഗരങ്ങളില്‍ അടുത്തിടെ മദ്യവില്‍പന ആരംഭിച്ചിരുന്നു.