കൊച്ചി: പഴയകാല നടനും ഗായകനുമായ പാപ്പുക്കുട്ടി ഭാഗവതര്‍ അന്തരിച്ചു. 107 വയസായിരുന്നു. കൊച്ചി പള്ളുരുത്തിയിലെ വീട്ടിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു അദ്ദേഹം.
സംഗീത നാടകങ്ങളിലൂടെ കലാരംഗത്തെത്തിയ അദ്ദേഹം കേരള സൈഗാള്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. തന്റെ ഏഴാമത്തെ വയസില്‍ വേദമണി എന്ന സംഗീതനാടകത്തിലൂടെയാണ് ഇദ്ദേഹം അരങ്ങിലെത്തിയത്.
മായ, സമത്വം സ്വാതന്ത്ര്യം, തെരുവുതെണ്ടി, കമ്യൂണിസ്റ്റ് അല്ല, ഭാഗ്യചക്രം, ഇണപ്രാവുകള്‍, ചിരിക്കുന്ന ചെകുത്താന്, പത്തൊമ്ബതാം നൂറ്റാണ്ട് തുടങ്ങി നിരവധി നാടകങ്ങളിലായി പതിനയ്യായിരം വേദികളില്‍ നാടകം അവതരിപ്പിച്ചിട്ടുണ്ട്. ഇരുപത്തഞ്ചോളം സിനിമകളിലും അഭിനയിച്ചു. പ്രസന്നയാണ് ആദ്യ സിനിമ. ഈ ചിത്രത്തില്‍ അദ്ദേഹം പാടുകയും ചെയ്തിട്ടുണ്ട്.
ഗുരുവായൂരപ്പന്‍,സ്ത്രീഹൃദയം,ഒരാള്‍കൂടി കള്ളനായി, മുതലാളി, വിരുതന്‍ ശങ്കു തുടങ്ങി ഇരുപത്തഞ്ചോളം ചിത്രങ്ങളില്‍ പാപ്പുക്കുട്ടി ഭാഗവതര്‍ അഭിനയിച്ചിട്ടുണ്ട്. 95-ാം വയസില്‍ പാപ്പുക്കുട്ടി ഭാഗവതര്‍ പാടിയ മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന സിനിമയിലെ ‘എന്റടുക്കെ വന്നടുക്കും’ എന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു.
നടന്‍ മോഹന്‍ജോസ്, സംവിധായകന് കെ.ജി. ജോര്‍ജിന്റെ ഭാര്യയയും ഗായികയുമായ സെല്‍മ, സാബു ജോസ് എന്നിവര്‍ മക്കളാണ്.