കൊച്ചി: തുടര്‍ച്ചയായി 15-ാം ദിവസവും കൂട്ടി ഇന്ധന വില. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസല്‍ ലിറ്ററിന് 57 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. രണ്ടാഴ്ചയ്ക്കിടെ ഒരു ലിറ്റര്‍ പെട്രോളിന് എട്ടു രൂപയും ഡീസലിന് എട്ടര രൂപയോളമാണ് കൂടിയത്.
കൊച്ചിയില്‍ പെട്രോളിന് ഇന്ന് 79.49 രൂപയും ഡീസലിന് 74.20 രൂപയും നല്‍കണം. തിരുവനന്തപുരത്ത് പെട്രോളിന് 80.95 രൂപയും ഡീസലിന് 75.57 രൂപയുമാണ് വില.
രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറയുമ്പോഴും കേന്ദ്രസര്‍ക്കാര്‍ എക്സൈസ് നികുതി വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് വിലവര്‍ധിപ്പിക്കേണ്ട സാഹചര്യമുണ്ടായതെന്നാണ് എണ്ണക്കമ്പനികളുടെ വാദം. ജൂണ്‍ 30 വരെ ഇന്ധന വില വര്‍ധനവ് തുടരുമെന്നാണ് വിലയിരുത്തല്‍.
പെട്രോളിന്‍റെ തീരുവ ലിറ്ററിന്10 രൂപയും ഡീസലിന്‍റേത്13 രൂപയുമാണ്വര്ധിപ്പിച്ചത്.ബി.ജെ.പി സര്‍ക്കാര്‍ 2014ല്‍ അധികാരത്തില്‍ വന്നശേഷം ഇതുവരെ 12 പ്രാവശ്യമാണ് ഇന്ധന തീരുവ വര്‍ധിപ്പിച്ചത്.രണ്ട് തവണ മാത്രമാണ്തീരുവയില് കുറവ് വരുത്തിയത്. അധികാരത്തിലെത്തുന്നതിന് മുൻപ് 9.20 രൂപയായിരുന്നു ലിറ്റര്‍ പെട്രോള്‍ തീരുവ. അതാണ് 32.98 ആയി ഉയര്‍ന്നത്.
ഡീസലിന് 3.46 രൂപ ഈടാക്കിയിരുന്നത് 31.83ലെത്തി. മൂല്യവര്‍ധിത നികുതി പെട്രോളിന് 20 ശതമാനത്തില്‍നിന്ന് 30ലേക്കും ഡീസലിന്‍റേത് 12.5 ശതമാനത്തില്‍നിന്ന് 30 ശതമാനത്തിലേക്കുമാണ് കുത്തനെ കൂട്ടിയത്. അതേസമയം, ഇന്ധന വില ഗണ്യമായി വർധിച്ചത് ചരക്ക് നീക്കത്തെ ബാധിക്കും. ഇതോടെ സാധനങ്ങൾക്ക് വിലവർധിക്കാനും സാധ്യതയുണ്ട്.