തൃശൂർ: കഴിഞ്ഞ ദിവസം അസുഖ ബാധിതനായി അന്തരിച്ച സംവിധായകന് സച്ചിയുടെ മരണവുമായി ബന്ധപ്പെട്ട് വിവാദമുയരുന്നു. ശസ്ത്രക്രിയക്കായി അനസ്തേഷ്യ നൽകിയതിനെ തുടർന്നാണ് ഹൃദയാഘാതം സംഭവിച്ചതെന്നാണ് ആരോപണമുയർന്നത്. വിഷയത്തിൽ നിയമനടപടികളിലേക്ക് കടക്കാനാണ് സച്ചിയുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുെടയും തീരുമാനം.
എന്നാൽ, ഇടുപ്പുമാറ്റിവെക്കല്‍ ശസ്ത്രക്രിയയില്‍ പിഴവുണ്ടായില്ലെന്ന് വ്യക്തമാക്കി ചികിത്സിച്ച ഡോക്ടര്‍ പ്രേംകുമാര്‍ തന്നെ രംഗത്ത് വന്നു. ആശുപത്രിക്ക് വീഴ്ച പറ്റിയെന്ന ആരോപണം ശരിയല്ലെന്നും ഡോക്ടർ പ്രതികരിച്ചു. മേയ് ഒന്നിനാണ് സച്ചിയുടെ വലത്തേ ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയ ചെയ്തത്. അടുത്തദിവസം തന്നെ ഒരു സഹായവുമില്ലാതെ സച്ചി ഐ.സി.യുവില്‍ നടന്നു. നാലാം തീയതി ഡിസ്ചാര്‍ജായി. 12 ദിവസങ്ങള്‍ക്ക് ശേഷം സ്റ്റിച്ചെടുത്തു.
രണ്ടാം ശസ്ത്രക്രിയ ആയപ്പോഴേക്കും അദ്ദേഹത്തിന്റെ ആശങ്കയൊക്കെ മാറി. സ്പൈനല്‍ അനസ്തേഷ്യയിലായിരുന്നു ശസ്ത്രക്രിയ. കാലുകള്‍ മാത്രമാണ് തരിപ്പിച്ചത്. ബോധം കെടുത്തിയില്ല. ഒരു മണിക്കൂര്‍ കൊണ്ട് ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയക്കിടയില്‍ സച്ചി സംസാരിക്കുന്നുണ്ടായിരുന്നു. ആരോഗ്യവാനായിരുന്നു അദ്ദേഹം. മറിച്ചുള്ള ആരോപണങ്ങള്‍ ശരിയല്ലെന്നും ഡോക്ടര്‍ പറഞ്ഞു.
എന്നാൽ, ശസ്ത്രക്രിയക്ക് ശേഷം ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് നില ഗുരുതരമായതിനെ തുടർന്ന് 16ാം തീയതി സച്ചിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെയെത്തിക്കുമ്പോൾ അദ്ദേഹത്തിന്റെ തലച്ചോറിലേക്ക് ഓക്സിജന്‍ എത്താത്ത അവസ്ഥ സംഭവിച്ചിട്ടുണ്ടെന്ന് ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
ഏറെ പ്രശസ്തനായ തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ മരണത്തിൽ അതീവ ദുഃഖത്തിലാണ് മലയാള സിനിമാ ലോകം. ഈ അവസരത്തിലാണ് അദ്ദേഹത്തിന്റെ മരണം ചികിത്സാ പിഴവ് മൂലമാണെന്ന ആരോപണവും ശക്തമാകുന്നത്.