ന്യൂയോര്‍ക്ക്: മഹാമാരിയായി ലോകത്തെ വിറപ്പിച്ച് കോവിഡ് 19 വൈറസ്. ആഗോളതലത്തിൽ ഇതുവരെ 4,62,519 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. രോഗ ബാധിതരുടെ എണ്ണം 87.58 ലക്ഷവുമായി ഉയർന്നു. എന്നാൽ 4,625,445 പേര്‍ രോഗമുക്തരായതായുള്ള കണക്കുകള്‍ ആശ്വാസം പകരുന്നുണ്ടെങ്കിലും ദിനം പ്രതി കോവിഡ് നിരക്ക് വർധിക്കുന്നു എന്നതും കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു എന്നതും ഏറെ ആശങ്ക പടർത്തുന്നുണ്ട്.
കോവിഡ് ഏറ്റവും കൂടുതൽ ദുരന്തം വിതച്ച അമേരിക്കയില്‍ ഇതുവരെ 2,297,190 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 1.21 ലക്ഷം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. കഴിഞ്ഞ ദിവസം 24 മണിക്കൂറിനിടെ അമേരിക്കയില്‍ 700ല്‍ പരം ആളുകളാണ് മരിച്ചത്.
അമേരിക്ക കഴിഞ്ഞാല്‍ ബ്രസീലിനെയാണ് കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ ബാധിച്ചത്. ഇവിടെ 10.38ലക്ഷം പേര്‍ വൈറസ് ബാധിതരായി. 49,090 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനകം 55,771 പേര്‍ക്ക് കൊറോണ ബാധ കണ്ടെത്തിയതാണ് രാജ്യത്തിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. പരിശോധനകള്‍ ഫലപ്രദമാകാത്തതാണ് രോഗബാധിതരുടെ എണ്ണത്തില്‍ ഇത്ര വര്‍ധനയുണ്ടായിരിക്കുന്നതെന്നാണ് സൂചന.
റഷ്യയില്‍ 5.69 ലക്ഷം പേരിലാണ് വൈറസ് സ്ഥിരീകരിച്ചത്. 7,841 പേര്‍ മരിക്കുകയും ചെയ്തു. കൊറോണ ബാധിതരുടെ എണ്ണത്തില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. 3.96ലക്ഷം പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 12970 പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തു.
അതേസമയം, ലോകത്ത് കോവിഡിന്‍റെ പുതിയ ഹോട്ട്സ്പോട്ടായി മെക്‌സിക്കോ മാറുന്നതായാണ് റിപ്പോർട്ട്. 24 മണിക്കൂറിനിടെ രാജ്യത്ത് 5,662 പേര്‍ക്ക് കോവിഡ് ബാധിക്കുകയും ചികിത്സയിലുണ്ടായിരുന്ന 667 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ, മെക്സികോയില്‍ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,70,485 ആയി. 20,394 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.