ഹോങ്കോംഗ്: ചൈനക്ക് താക്കീത് നൽകി പസിഫിക് മേഖലയില്‍ സൈന്യത്തെ വിന്യസിച്ച് യുഎസ്. മൂന്നു വിമാനവാഹിനി കപ്പലുകളാണ് ഈ മേഖലയിൽ യുഎസ് വിന്യസിച്ചിട്ടുള്ളത്. വിമാനവാഹിനി കപ്പലുകള്‍ക്കു പുറമെ യുദ്ധക്കപ്പലുകളും പോര്‍വിമാനങ്ങളും ഇവിടെ നിരീക്ഷണം നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്.
യുഎസ്എസ് റൊണാള്‍ഡ് റീഗന്, യുഎസ്എസ് തിയോഡോര്‍ റൂസ്വെല്‍റ്റ്, യുഎസ്എസ് നിമിറ്റ്സ് എന്നീ വിമാനവാഹിനി കപ്പലുകളാണ് പ്രദേശത്ത് പട്രോളിംഗ് നടത്തുന്നത്. യുഎസ്എസ് റൊണാള്‍ഡ് റീഗന്, യുഎസ്എസ് തിയോഡോര്‍ റൂസ്വെല്‍റ്റ് എന്നിവ പടിഞ്ഞാറന്‍ പസിഫിക്കിലും യുഎസ്എസ് നിമിറ്റ്സ് കിഴക്കു ഭാഗത്തുമാണ് പട്രോളിംഗ് നടത്തുക. ഓരോ കപ്പലിലും അറുപതിലേറെ വിമാനങ്ങളുണ്ട്.
വര്‍ഷങ്ങള്‍ക്കു ശേഷമാണു ചൈനയ്ക്കെതിരെ ഒരേ സമയം മൂന്നു വിമാനവാഹിനിക്കപ്പല്‍ യുഎസ് നാവികസേന വിന്യസിക്കുന്നത്. കോവിഡ് ഭീതി മുതലെടുത്ത് ദക്ഷിണ ചൈനാ കടലില്‍ കൂടുതല്‍ പ്രദേശങ്ങള്‍ ചൈന പിടിച്ചടക്കുന്നുണ്ടെന്ന സൂചനകളെ തുടര്‍ന്നാണ് യുഎസ് സേനയുടെ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം, അമേരിക്കക്കെതിരെ ആരോപണങ്ങളുമായി ചൈന രംഗത്തെത്തി. ദക്ഷിണ ചൈനാ കടലിലെ സൈനികരെ ഭയപ്പെടുത്തുകയാണ് അമേരിക്കയുടെ ഉദ്ദേശ്യമെന്നു ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി മുഖപത്രമായ ഗ്ലോബല്‍ ടൈംസ് കുറ്റപ്പെടുത്തി.