തിരുവനന്തപുരം: കാരുണ്യ ബെനവലന്റ് ഫണ്ട് സെപ്റ്റംബര്‍വരെ തുടരും. നിലവില്‍ ആനുകൂല്യം ലഭിക്കുന്നവര്‍ക്കായിരിക്കും സെപ്റ്റംബര്‍ 30 വരെ സഹായം തുടരുക. 2019 ജൂലൈ 3നു മുമ്പ് ചികിൽസാ അനുമതി ലഭിച്ച എല്ലാവർക്കും നിലവിൽ നൽകുന്ന ഇളവുകൾ സെപ്റ്റംബർ 30 വരെ തുടരാം. അതിനുള്ളിൽ പദ്ധതി പൂർണമായും പുതുതായി ആരംഭിച്ച, ആരോഗ്യ വകുപ്പിനു കീഴിലുള്ള കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്)യിൽ ലയിപ്പിക്കും.
മൂന്നുമാസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കും. ഓഗസ്റ്റ് പകുതിയോടെ ആരോഗ്യവകുപ്പിനുകീഴില്‍ സജ്ജമാകുന്ന സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിക്ക് ബെനവലന്റ് ഫണ്ട് ഗുണഭോക്താക്കളുടെ വിവരം കൈമാറും. ഹെല്‍ത്ത് ഏജന്‍സിക്കാവും കാസ്പിന്റെ നടത്തിപ്പ് ചുമതല.
കാരുണ്യ ലോട്ടറിയില്‍നിന്നുള്ള പണം ഉപയോഗിച്ച് ഗുരുതര രോഗങ്ങള്‍ക്ക് ചികിത്സാസഹായം നല്‍കാന്‍ യു.ഡി.എഫ്. സര്‍ക്കാര്‍ തുടക്കമിട്ടതാണ് കാരുണ്യ ഫണ്ട്. കേന്ദ്രസര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് നടത്തിപ്പിന് സംസ്ഥാനത്തുണ്ടായിരുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളെല്ലാം സംയോജിപ്പിച്ചതോടെ കാരുണ്യ അതേപടി തുടരാനാവില്ലെന്ന് സര്‍ക്കാര്‍ നിലപാടെടുത്തു. ഇതോടെ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി അംഗങ്ങളല്ലാത്ത ഹീമോഫീലിയ. അര്‍ബുദ, ഡയാലിസിസ് രോഗികള്‍ക്കുള്ള ചികിത്സാ സഹായം പ്രതിസന്ധിയിലായി.
ഇതില്‍ പ്രതിപക്ഷ പ്രതിഷേധം ഉയര്‍ന്നതോടെ നിലവിലെ ഗുണഭോക്താക്കള്‍ക്ക് പദ്ധതി ഒരുവര്‍ഷം തുടരാന്‍ തീരുമാനിച്ചു.
ലോക്ഡൗണിനെത്തുടര്‍ന്ന് മേയ് 31 വരെ നീട്ടി. നികുതിവകുപ്പ് നടത്തിയിരുന്ന കാരുണ്യ ഫണ്ടിനെ ആരോഗ്യവകുപ്പിനു കീഴിലെ ഇന്‍ഷുറന്‍സ് പദ്ധതിയായ കാസ്പില്‍ ലയിപ്പിക്കാന്‍ കഴിഞ്ഞ മാസമാണു തീരുമാനിച്ചത്.