ഷാർജ : വിശുദ്ധമാസത്തിന്റെ ഉണർവ് പകരുന്ന വിശേഷവിരുന്നുകളൊരുക്കി ഷാർജയിലെ വിനോദകേന്ദ്രങ്ങൾ. കുടുംബങ്ങൾക്കും സന്ദർശകർക്കും റമദാൻ മാസത്തിന്റെ നിറങ്ങളും രുചികളും അനുഭവച്ചറിയാനും വ്യത്യസ്തസംസ്കാരങ്ങളുമായി ഇടപഴകാനുമുള്ള അവസരങ്ങളാണ് ഷാർജ നിക്ഷേപവികസന അതോറിറ്റി (ഷുറൂഖ്)യുടെ കീഴിൽ അണിയിച്ചൊരുക്കിയിട്ടുള്ളത്.
പൊലിവേറും റമദാൻ രാവുകൾ
ഒരുമയും സാഹോദ്യരവും വിളമ്പരം ചെയ്യുന്ന പുണ്യമാസത്തിന്റെ ആത്മീയതയും സാംസ്കാരികമായ വൈവിധ്യവും സമ്മേളിക്കുന്ന ‘റമദാൻ നൈറ്റ്സ്’ മാർച്ച് 22തൊട്ട് 24 വരെയുള്ള തീയതികളിൽ ഷാർജയിലെ വിവിധവിനോദകേന്ദ്രങ്ങളിൽ അരങ്ങേറും.
സംഗീതത്തിന്റെയും പ്രത്യേക അലങ്കാരവെളിച്ചങ്ങളുടെയും അകമ്പടിയോടെയാണ് അൽ മജാസ് വാട്ടർഫ്രണ്ടിലെയും ഖോർഫക്കാൻ ബീച്ചിലെയും പരിപാടികൾ. പ്രത്യേക റമദാൻ മാർക്കറ്റ്, രുചികേന്ദ്രങ്ങൾ, തത്സമയ സംഗീതപരിപാടി എന്നിവയടങ്ങിയതാവും ഈ ദിവസങ്ങളിലെ അൽ ഹിറ ബീച്ചിലെ റമദാൻ രാവ്. സമയം രാത്രി 9 മുതൽ 11 വരെ. പ്രവേശനം സൗജന്യമാണ്.
പ്രത്യേക ബാർബക്യു നോമ്പുതുറയും അറബിക് സംഗീതവും കൂടെ പാർക്കിലെ വിശേഷങ്ങളുമെല്ലാം സമ്മേളിപ്പിച്ചാണ് അൽ മുൻതസ പാർക്കിലെ റമദാൻ രാവുകൾ ഒരുക്കിയിട്ടുള്ളത്. അസ്തമയനേരം തൊട്ട് രാത്രി ഒരു മണി വരെ നീളുന്ന ആഘോഷരാവിനായി പാർക്ക് പ്രത്യേകം അലങ്കരിക്കുകയും ചെയ്തിട്ടുണ്ട്. ബുക്കിങ് അടിസ്ഥാനത്തിലാണ് ഇവിടേക്കുള്ള പ്രവേശനം.
മരുഭൂകാഴ്ചയാസ്വദിച്ചും ദ്വീപ് കാറ്റുകൊണ്ടും നോമ്പ്തുറക്കാം
വിനോദസഞ്ചാരികൾക്ക് പ്രിയപ്പെട്ട കേന്ദ്രങ്ങളിൽ പ്രത്യേകം സജ്ജമാക്കിയ നോമ്പുതുറകളാണ് ഷാർജയിലെ മറ്റൊരു വിശേഷം.
ഖാലിദ് തടാകക്കരയിൽ അലങ്കാരവിളക്കുകളുടെ അകമ്പടിയോടെ ഷാർജനഗരമേലാപ്പും ആസ്വദിച്ച് നോമ്പ് തുറക്കാനുള്ള അവസരമാണ് അൽനൂർ ദ്വീപിലെ ‘ഇഫ്താർ ബൈ ദി ബേ’. രുചികരമായ പരമ്പരാഗത രുചികൾ ആസ്വദിക്കുന്നതോടൊപ്പം ദ്വീപിലെ വിശേഷകാഴ്ചകൾ ആവോളം ആസ്വദിക്കാനും സന്ദർശകർക്ക് അവസരമുണ്ടാവും. ചിത്രശലഭവീട്ടിലേക്കും കുട്ടികൾക്കായുള്ള കളിയിടത്തിലേക്കും ദ്വീപിലെ ആർട്ട് ഇൻസ്റ്റലേഷൻസിലേക്കുമെല്ലാം നടന്നെത്താം. രാത്രി 9 മണി മുതൽ ഗൈഡിന്റെ സഹായത്തോടെ വാനനിരീക്ഷണം നടത്താനുള്ള അവസരവുമുണ്ടാവും.
‘റമദാൻ സ്റ്റാർ ലോഞ്ചാണ്’ മെലീഹ ആർക്കിയോളജി കേന്ദ്രത്തിലെ വിശേഷം. ആകാശക്കാഴ്ചകളാസ്വദിച്ച് തണുപ്പ് കാല കാറ്റും കൊണ്ട് മരുഭൂമിയിൽ പ്രത്യേകം തയാറാക്കിയ ഇഫ്താർ ടെന്റിൽ പരമ്പരാഗത രുചികൾ ആസ്വദിക്കാം. പ്രത്യേകം തയാറാക്കിയ രുചികളോടൊപ്പം കുട്ടികൾക്കും കുടുംബങ്ങൾക്കുമായുള്ള നിരവധി കളികളും വാനനിരീക്ഷണവും കൂടെ ചെറിയ നേരത്തേക്കുള്ള കുതിരസവാരിയും സൗജന്യമായി ആസ്വദിക്കാനാവും.
യുഎഇയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന മാർക്കറ്റിലെ പ്രത്യേക ഇഫ്താർ വിരുന്നാണ് ഹാർട്ട് ഓഫ് ഷാർജ പൈതൃകകേന്ദ്രത്തിൽ സന്ദർശകരെ കാത്തിരിക്കുന്നത്. സൂഖ് അൽ അർസ, സൂഖ് അൽ ഷനാസിയ, സൂഖ് അൽ സഖ്‍ർ എന്നീ പരമ്പരാഗത മാർക്കറ്റുകളെ പരിചയപ്പെടുന്നതോടൊപ്പം ഷാർജ തടാകത്തിലൂടെ ബോട്ട് യാത്രയും ആസ്വദിക്കാം.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി എന്ന വെബ്സൈറ്റ് സന്ദർശിക്കാം. 065 112555 (ഹാർട്ട് ഓഫ് ഷാർജ), 065 067000 (അൽ നൂർ ഐലൻഡ്) 068 021111 (മെലീഹ ആർക്കിയോളജിക്കൽ സെന്റർ) എന്നീ നമ്പരുകളിലും ബന്ധപ്പെടാം.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ