തിരുവനന്തപുരം:കലാമണ്ഡലം ഗോപി എല്ലാകാലത്തും പുരോഗമനപരമായ നിലപാട് സ്വീകരിച്ച് കേരളത്തിൽ ഉറച്ചുനിന്ന് മുന്നോട്ടുവന്നിട്ടുള്ള മഹാപ്രതിഭയാണെന്ന് സിപി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.സുരേഷ് ഗോപിക്ക് വേണ്ടി തന്റെ പിതാവിനെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നെന്ന കലാമണ്ഡലം ഗോപി ആശാന്റെ മകന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ചർച്ചയാവുന്നതിനിടെ പ്രതികരിക്കുകയായിരുന്നു എം വി ഗോവിന്ദൻ.
ഓരോ വിഭാഗവും ഓരോരുത്തരേയും കണ്ട് തങ്ങളുടെ ഭാഗമാക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. പലയിടത്തുംപോയി പലരേയും കാണുന്നുമുണ്ട്. ഉപജാപകവൃന്ദത്തേയും ഇതിനായി ഉപയോഗിക്കുന്നു. ഈ ശ്രമത്തിന് വിധേയപ്പെടുക എന്നതാണ് പലയിടത്തും കാണുന്നത്. അത് കേരളത്തിൽ അത്രത്തോളം ഇല്ലായെന്നതിന്റെ തെളിവാണ് ഗോപിയാശാന്റെ മകന്റെ പോസ്റ്റിലൂടെ മനസ്സിലാകുന്നതെന്ന് എം.വി. ഗോവിനന്ദൻ പറഞ്ഞു.
ബി.ജെ.പി. സംസ്ഥാനത്ത് നിർണായക ശക്തിയല്ലെന്നും കേരളത്തിൽ ഒരു മണ്ഡലത്തിലും എന്‍.ഡി.എ. സ്ഥാനാര്‍ഥികള്‍ ജയിക്കുന്ന അവസ്ഥ ഇല്ലെന്നും അദ്ദേഹം എം.വി. ഗോവിനന്ദൻ ആവർത്തിച്ചു. ബന്ധം മുതലെടുത്ത് പലരും സുരേഷ് ഗോപിക്ക് വേണ്ടി തന്റെ പിതാവിനെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു എന്നായിരുന്നു കലാമണ്ഡലം ഗോപി ആശാന്റെ മകന്‍ രഘുരാജ് ഫെയ്‌സ്ബുക്കിലൂടെ ആരോപിച്ചത്.
സുരേഷ് ഗോപിക്ക് അനുഗ്രഹം നല്‍കണമെന്ന് പറഞ്ഞ് പ്രശസ്തനായ ഒരു ഡോക്ടര്‍ ബന്ധപ്പെട്ടു, നിരസിച്ചപ്പോള്‍ പത്മഭൂഷണ്‍ വാഗ്ദാനം ചെയ്തു. അങ്ങനെയുള്ള പത്മഭൂഷണ്‍ വേണ്ടെന്ന് തന്റെ അച്ഛന്‍ പറഞ്ഞതായും രഘുരാജ് ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചു. ചര്‍ച്ചയായതോടെ പോസ്റ്റ് രഘുരാജ് ഫെയ്‌സ്ബുക്കില്‍ നിന്ന് പിന്‍വലിച്ചു. സ്‌നേഹം കൊണ്ട് ചൂഷണം ചെയ്യരുത് എന്ന് പറയാന്‍ മാത്രമാണ് തന്റെ പോസ്‌റ്റെന്നും ചര്‍ച്ച അവസാനിപ്പിക്കണമെന്നും അദ്ദേഹം പിന്നീട് പ്രതികരിച്ചു.