കൊച്ചി ∙ മൂന്നാർ മേഖലയിൽ അതിക്രമങ്ങള്‍ തുടരുന്ന കാട്ടാന പടയപ്പയെ ഉൾവനത്തിലേക്ക് അയയ്ക്കാൻ ശ്രമിക്കുകയാണെന്നും മറ്റു മാർഗങ്ങളില്ലെങ്കിൽ അരിക്കൊമ്പന്റെ കാര്യത്തിലുണ്ടായ നടപടി സ്വീകരിക്കുമെന്നും മന്ത്രി എ.കെ.ശശീന്ദ്രൻ. സംസ്ഥാനങ്ങളിലെ വനങ്ങളിൽനിന്നു മഞ്ഞക്കൊന്ന, അക്വേഷ്യ, മാഞ്ചിയം തുടങ്ങിയ മരങ്ങൾ നീക്കം ചെയ്ത് സ്വാഭാവിക വനം വച്ചുപിടിപ്പിക്കുന്ന പദ്ധതി നടപ്പാക്കുന്നുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിൽ നടപ്പാക്കുന്ന ഈ പദ്ധതി സംസ്ഥാനമൊട്ടാകെ പൂർത്തിയാകാൻ 21 വർഷം വേണം. എറണാകുളം പ്രസ് ക്ലബിന്റെ ‘മീറ്റ് ദ് പ്രസ്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘ആക്രമണങ്ങൾ വർധിച്ചതോടെയാണ് അരിക്കൊമ്പനെ ചിന്നക്കനാൽ മേഖലയിൽനിന്നു മയക്കുവെടി വച്ച് പിടികൂടി മറ്റൊരു സ്ഥലത്തു കൊണ്ടുപോയി വിട്ടത്. അരിക്കൊമ്പന് ഇപ്പോൾ പ്രശ്നങ്ങളൊന്നുമില്ല, സസുഖം ജീവിക്കുന്നു. പടയപ്പയെ ഉൾക്കാട്ടിലേക്ക് അയയ്ക്കാനുള്ള വഴികൾ നോക്കുകയാണ്. മറ്റു മാർഗങ്ങളില്ലെങ്കിൽ അരിക്കൊമ്പനെ പിടികൂടിയതു പോലെ പടയപ്പയേയും പിടികൂടി ഉള്‍വനത്തിലേക്ക് മാറ്റും. കാലാവസ്ഥാ വ്യതിയാനം എല്ലാവരെയും ബാധിച്ചതു പോലെ മൃഗങ്ങളെയും ബാധിച്ചിട്ടുണ്ട്. കാട്ടിൽ ചൂട് വര്‍ധിച്ചു. അതിൽനിന്ന് രക്ഷപെടാൻ കൂടിയാണ് മൃഗങ്ങൾ പുറത്തേക്കിറങ്ങുന്നത്. ഈ പ്രതിഭാസം കുറച്ചുകാലം കൂടി തുടരും.
കാടിനുള്ളിലെ സ്വാഭാവിക സന്തുലിതാവസ്ഥ തിരിച്ചു കൊണ്ടുവരാനാണ് ശ്രമം. അതിനു ചതുപ്പുകളും കുളങ്ങളും സംരക്ഷിക്കണം. കാട്ടിനുള്ളില്‍ ജലലഭ്യത ഉറപ്പു വരുത്താൻ കുളങ്ങളും തടയണകളും തദ്ദേശ സ്ഥാപനങ്ങളുടെയും മറ്റും സഹകരണത്തോടെ സംരക്ഷിക്കാൻ പദ്ധതിയുണ്ട്. തിരുവനന്തപുരം ജില്ലയിൽ ഇതിന് തുടക്കമിട്ടു കഴിഞ്ഞു. സർക്കാരിന് അധികബാധ്യത വരാതെ തദ്ദേശ, പൊതു സ്ഥാനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ പദ്ധതി നടപ്പാക്കും. കൂടുതൽ താല്‍ക്കാലിക വാച്ചർമാരെ നിയമിക്കും. വനത്തിൽ നേരത്തേ ഒട്ടേറെ പദ്ധതികൾ നടപ്പാക്കിയെങ്കിലും ഇതൊന്നും കാര്യക്ഷമമായില്ല. പഞ്ചായത്ത് പ്രസിഡന്റുമാരുടെയും റേഞ്ച് ഓഫിസര്‍മാരുടെയും നേതൃത്വത്തിലാണ് ഇപ്പോൾ പദ്ധതികൾ നടപ്പാക്കുന്നത്’’– ശശീന്ദ്രൻ പറഞ്ഞു.