ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കടപ്പങ്ങളുമായി ബന്ധപ്പെട്ട വാദം നടത്തുന്നതിനിടയിൽ സുപ്രീംകോടതിൽ നാടകീയ രംഗങ്ങൾ. ഇലക്ട്രൽ ബോണ്ടുകളുമായി ബന്ധപ്പെട്ട് എസ്ബിഐ വിവരങ്ങൾ മറച്ചുവച്ചാണ് എന്നാരോപിച്ചു കൊണ്ടുണ്ട ഹർജി ഭരണഘടന ബെഞ്ച് പരിഗണിച്ചപ്പോഴാണ് നാടകീയമായ സംഭവങ്ങൾ സുപ്രീം കോടതിയിൽ അരങ്ങേറിയത്.സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ അഭിഭാഷകൻ ആക്രോശിച്ചത് കോടതിയിലുണ്ടായിരുന്നവരെ ഞെട്ടിച്ചു.
തെഞ്ഞെടുപ്പ് കടപ്പത്ര കേസ് ന്യായമായ പ്രശ്നമല്ലെന്ന് പറഞ്ഞ് അഭിഭാഷകനായ മാത്യൂസ് നെടുമ്പാറ വാദിച്ചു. കേസ് നയപരമായ കാര്യമായിരുന്നുവെന്നും കോടതി ഇടപെടേണ്ടിയിരുന്നില്ലെന്നും പറഞ്ഞതോടെ വാദത്തിനിടയിൽ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഇടപ്പെട്ടു. താൻ പറയുന്നത് ശ്രദ്ധിക്കാൻ പറഞ്ഞതോടെ അഭിഭാഷകൻ താൻ ഇന്ത്യൻ പൗരനാണെന്ന് ചീഫ് ജസ്റ്റിസിനു നേരെ ശബ്ദമുയർത്തി. ഇതോടെ തനിക്ക് നേരെ ആക്രോശിക്കരുതെന്ന് ചീഫ് ജസ്റ്റിസ് താക്കീത് നൽകി.
2019ൽ മാത്യൂ നെടുമ്പാറയെ കോടതിയലക്ഷ്യത്തിന് സുപ്രീം കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ശിക്ഷ നേരിട്ട വ്യക്തിയാണ്. കോടതി അദ്ദേഹത്തിന് മൂന്ന് മാസത്തെ തടവ് ശിക്ഷയാണ് വിധിച്ചത്. ഒരു വർഷത്തേക്ക് സുപ്രീം കോടതിയിൽ പ്രാക്ടീസ് ചെയ്യുന്നതിൽനിന്നു വിലക്കുകയും ചെയ്തിരുന്നു.
ഇത് ഹൈഡ് പാർക്ക് കോർണർ മീറ്റിങ്ങല്ലെന്നും നിങ്ങൾ കോടതിയിലാണെന്നും ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് അഭിഭാഷകൻ്റെ ശ്രദ്ധയിൽപ്പെടുത്തി. ചീഫ് ജസ്റ്റിസ് എന്ന നിലയിൽ തൻ്റെ തീരുമാനം താൻ വ്യക്തമാക്കി കഴിഞ്ഞു. അതിനെതിരെ ഹർജി ഫയൽ ചെയ്യാൻ ആഗ്രഹിക്കുന്നെങ്കിൽ അത് ചെയ്യണം. അതാണ് സുപ്രീം കോടതിയിലെ നിയമമെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.
എന്നാൽ മാത്യൂസ് നെടുമ്പാറ വീണ്ടും സംസാരിച്ച് തുടങ്ങി. ഇ തോടെ ജസ്റ്റിസ് ബി.ആർ. ഗവായ് ഇടപെട്ടു. നീതിനിർവഹണ പ്രക്രിയയിൽ തടസ്സം നിൽക്കുകയാണ് നെടുമ്പാറ ചെയ്യുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയെങ്കിലും എന്നാൽ അഭിഭാഷകൻ സംസാരം നിർത്താൻ തയ്യാറായില്ല. നിർദിഷ്ട നടപടിക്രമം പാലിക്കുന്നത് വരെ കോടതി നിങ്ങളെ കേൾക്കില്ലെന്ന് ഭരണഘടനാബെഞ്ച് ഇതോടെ നിലപാട് സ്വീകരിച്ചു.
ഇതിനിടയിൽ വാഗ്വാദത്തിൽ ഇടപെടാൻ ശ്രമിച്ച മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയുടെയും സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡൻ്റ് ആദിഷ് അഗർവാലയുടെയും വാദം കേൾക്കാനും കോടതി തയ്യാറായില്ല.