ന്യൂഡൽഹി: എസ്ബിഐ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയ കണക്കുകൾ പ്രകാരം ഫാർമസ്യൂട്ടിക്കൽ കമ്പനികൾ വിവിധ രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയത് സഹസ്രകോടികൾ. 35 ഫാർമസ്യൂട്ടിക്കൽ കമ്പനികൾ ഇലക്ടറൽ ബോണ്ടുകൾ വഴി നൽകിയ കണക്കാണിത്.
ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ട ഏഴ് കമ്പനികൾ മാത്രം വാങ്ങിയത് 250 കോടിയുടെ ഇലക്ടറൽ ബോണ്ടുകൾ വാങ്ങിക്കൂട്ടി.
ഗുണനിലവാരമില്ലാത്ത മരുന്നുകളെക്കുറിച്ച് അന്വേഷണം നടക്കുന്നതിനിടെ ആണ് ഏഴ് കമ്പനികൾ ബോണ്ടുകൾ വാങ്ങിയിരിക്കുന്നത്. തിരിച്ചറിയൽ കോഡ് കൂടി പുറത്തുവരുന്നതോടെ ഏതൊക്കെ രാഷ്ട്രീയ പാർട്ടിക്കാണ് ഇവർ പണം നൽകിയത് എന്നുള്ള കണക്കുകൾ പുറത്തു വരും.
ഹെറ്റ്റൊ ലാബ്സ് & ഹെറ്റ്റൊ ഹെൽത്കെയർ, റ്റൊറൻ്റ് ഫാർമ, സൈഡസ് ഹെൽത്ത്കെയർ,ഗ്ലെൻമാർക്ക്, സിപ്ല, ഇൻ്റാസ് ഫാർമസ്യൂട്ടിക്കൽസ്, ഐപിസിഎ ഫാർമസ്യൂട്ടിക്കൽ തുടങ്ങിയ ആരോപണങ്ങൾ നേരിടുന്ന കമ്പനികളാണ് കോടികളുടെ ഇലക്ട്രൽ ബോണ്ടുകൾ വാങ്ങിക്കൂട്ടിയത്.
ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ട മരുന്നു കമ്പനികൾ ഉൾപ്പടെ രാഷ്ട്രീയ പാർട്ടികൾക്ക് ഫണ്ട് നൽകുന്നത് ശിക്ഷാ നടപടികളിൽ നിന്ന് തലയൂരാൻ വേണ്ടിയാണ് എന്നാണ് ഉയരുന്ന വിമർശനം.കൂടാതെ തങ്ങളുടെ താൽപര്യങ്ങൾക്കനുസരിച്ച് നയരൂപീകരണം നടപ്പാക്കാനും വേണ്ടിയാണ് വൻതുകകൾ നൽകുന്നതെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇതിൻ്റെ പ്രത്യാഘാതങ്ങൾ പ്രവചനാതീതമായിരിക്കുമെന്നും മെഡിക്കൽരംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.