ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തമിഴ്‌നാട്ടിൽ എൻഡിഎ സഖ്യത്തിന് നേട്ടം. സംസ്ഥാനത്ത് നിർണായക സ്വാധീനമുള്ള പിഎംകെ എന്ന പട്ടാളി മക്കൾ കക്ഷി ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയുടെ മുന്നണിയുടെ ഭാഗമായി മത്സരിക്കും. സംസ്ഥാനത്ത് 10 ലോക്സഭാ സീറ്റുകളിൽ ബിജെപി സഖ്യത്തിന്റെ ഭാഗമായി പിഎംകെ മത്സരിക്കും.
ചെന്നൈയിൽ പിഎംകെ അധ്യക്ഷൻ രാമദാസാണ് സഖ്യം സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ബിജെപി മുന്നണിയിൽ ചേരരുതെന്ന് ജില്ലാ ഘടകങ്ങൾ നിലപാടെടുത്തിരുന്നെങ്കിലും ഇതെല്ലാം രാജ്യതാത്പര്യം മുൻനിർത്തി തള്ളുന്നുവെന്നാണ് അമ്പുമണി രാമദാസ് വ്യക്തമാക്കിയത്.
ഇതോടെ, പിഎംകെയെ ഒപ്പമെത്തിക്കാൻ ബിജെപി നടത്തിയ തീവ്ര പരിശ്രമമാണ് ഫലം കണ്ടത്. നീണ്ട വിലപേശൽ ചർച്ചകൾക്ക് ഒടുവിലാണ് പത്ത് സീറ്റ് പിഎംകെയ്ക്ക് വിട്ടുനൽകിയത്. സംസ്ഥാനത്ത് പിന്നോക്ക വിഭാഗമായ വാണിയര്‍ സമുദായ അംഗങ്ങൾക്കിടയിൽ വലിയ സ്വാധീനമുള്ള പിഎംകെ എന്ന കക്ഷിക്ക് ആറ് ശതമാനത്തോളം ഉറച്ച വോട്ടും ഉണ്ട്. ഇത് ബിജെപിക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.
അമ്പുമണി രാമദാസിന്റെ രാജ്യസഭ കാലാവധി 2025ൽ അവസാനിക്കാനിരിക്കെ ഇദ്ദേഹത്തിന് രാജ്യസഭാ സീറ്റും മുന്നണിയുടെ ഭാഗമായി വാഗ്ദാനം ചെയ്തിട്ടുണ്ട്. പിഎംകെയെ ഒപ്പം നിർത്താൻ എഐഎഡിഎംകെയും ശ്രമിച്ചിരുന്നു.