ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ബിആർഎസ് നേതാവും മുൻ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിൻ്റെ മകളുമായ കെ.കവിതയ്ക്ക് എതിരെ വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി).
വിവാദ മദ്യനയത്തിന്റെ പ്രയോജനം ലഭിക്കാന്‍ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളുമായും ആംആദ്മി പാർട്ടി നേതാവ് മനീഷ് സിസോദിയയുമായും കവിത ഗൂഢാലോചന നടത്തി പ്രതിഫലമായി ഇവർക്ക് 100 കോടി കൈമായെന്നാണ് ഇഡിയുടെ പുതിയ വെളിപ്പെടുത്തൽ. കവിതയെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഗുരുതര ആരോപണവുമായി ഇഡി രംഗത്തെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കവിതയെ കേന്ദ്ര ഏജൻസി കസ്റ്റഡിയിലെടുത്തത്.
മൂന്ന് മാസത്തിനിടയിൽ ഡൽഹി മദ്യലൈസൻസ് അഴിമതിയുമായി ബന്ധപ്പെട്ട് ഇ.ഡിയും ഐടി വകുപ്പും രണ്ടു തവണ സമൻസ് നൽകിയിരുന്നെങ്കിലും കവിത പ്രതികരിച്ചിരുന്നില്ല. ഇതാണ് അറസ്റ്റിന് കാരണമായത്.
കേസുമായി ബന്ധപ്പെട്ട് ഹൈദരാബാദിലെ മദ്യവ്യവസായിയുമായ മലയാളി അരുൺ രാമചന്ദ്രൻ പിള്ളയെ ഇഡി നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഡൽഹിയിൽ സർക്കാരിന്റെ കീഴിലായിരുന്ന മദ്യ വിൽപനയുടെ ലൈസൻസ് 2021 ൽ സ്വകാര്യ മേഖലയ്ക്കു നൽകിയതിൻ്റെ മറവിൽ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ. കള്ളപ്പണം വെളിപ്പിച്ചെന്നും ഉൾപ്പെടെയാണ് ഇ.ഡി ആരോപിക്കുന്നു.
ചില മദ്യവ്യവസായികൾക്ക് അനർഹമായ ലാഭം ലഭിച്ച ഇടപാടിൽ ഡൽഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയും കവിതയും എഎപി നേതാവ് വിജയ് നായരും ഇടപെട്ടുവെന്നാണ് കേന്ദ്ര ഏജൻസി ആരോപിക്കുന്നത്.