ചേർത്തല: നിയന്ത്രണംവിട്ട മിനിവാൻ ഇടിച്ചു കയറിയത് മലയാറ്റൂരിലേക്ക് നടന്നുപോയ സംഘത്തിനിടയിലേക്ക്. അപകടത്തിൽ ഒരാൾ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. പുന്നപ്രവടക്ക് പഞ്ചായത്ത് പറവൂർ കുളങ്ങര ജോസഫ് ജോണിന്റെ മകൻ ഷോൺ ജോസഫ് ജോൺ (23) ആണു മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ മൂന്നിന് ദേശീയപാതയിൽ പട്ടണക്കാട് പുതിയകാവിനു സമീപമായിരുന്നു അപകടം.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഷോണിനെ എറണാകുളം മരിടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച ഉച്ചയോടെ മരിച്ചു. 18 അംഗ സംഘത്തിലുണ്ടായിരുന്ന പുന്നപ്ര പറവൂർ കുളങ്ങര സെബാസ്റ്റ്യൻ ജോണി(57), കുട്ടപ്പശ്ശേരിൽ സെബാസ്റ്റ്യൻ (കുഞ്ഞുമോൻ-51), ചാരങ്കാട്ട് ജിനുസാലസ്(22) എന്നിവരാണ് പരുക്കേറ്റ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.
ആലപ്പുഴ ഭാഗത്തു നിന്നു കൊച്ചിയിലേക്ക് പോകുകയായിരുന്ന മിനിവാനാണു തീർത്ഥാടകരെ ഇടിച്ചു വീഴ്ത്തിയത്. സംഘത്തിന്റെ പിന്നലേക്കാണ് വാൻ ഇടിച്ചു കയറിയത്. ഞായറാഴ്ച രാവിലെ ഒമ്പതിനാണ് പുന്നുപ്ര സെയ്ന്റ് ജോസഫ്സ് ഫൊറോനപള്ളിയിൽ നിന്നും സഘം കുരിശുമേന്തിയാത്ര തുടങ്ങിയത്.
മരിച്ച ഷോൺ ജോസഫിന്റെ മാതാവ് – ഷൈനി. സഹോദരി – ഷിയാ ജോസഫ്. മൃതദേഹം ചൊവ്വാഴ്ച ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്കു വിട്ടുകൊടുക്കും. ശവസംസ്കാരം പുന്നപ്ര സെയ്ന്റ് ജോസഫ്സ് ഫൊറോനപള്ളി സെമിത്തേരിയിൽ.