തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമെതിരെ രൂക്ഷ വിമർശനവുമായി തൃശൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥി കെ.മുരളീധരൻ. സിപിഎമ്മും ബിജെപിയും തമ്മിൽ തെരഞ്ഞെടുപ്പിൽ കൈകോർക്കുന്ന അന്തർധാര വ്യക്തമായി. പ്രതിപക്ഷ പാര്‍ട്ടികളുടെ മുന്നണിയായ ഇൻഡ്യ സഖ്യത്തില്‍ സിപിഎമ്മില്ലെന്നും കെ. മുരളീധരന് പറഞ്ഞു.
ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന സമ്മേളനത്തിൻ്റെ ഭാഗമായ മെഗാ റാലിയിൽ നിന്ന് ഇടത് നേതാക്കള്‍ വിട്ടുനിന്നത് അതിന് ഉദാഹരണമാണ്. രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനം നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മിണ്ടുന്നില്ലെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി. ഈ കൊടുക്കൽ വാങ്ങൽ അറിയാത്ത തൃശൂരിലെ സ്ഥാനാർഥി പാവമാണെന്നും അദ്ദേഹം പപരിഹസിച്ചു.
വടകരയിൽ യുഡിഎഫ് ജയിക്കില്ലെന്നും തൃശൂരിൽ സുരേഷ് ഗോപി ജയിക്കും എന്നും ഉറപ്പിച്ചു പറയാൻ കെ. സുരേന്ദ്രന് കഴിഞ്ഞത് ഈ അന്തർധാരയുടെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു. ചില സീറ്റുകൾക്ക് വേണ്ടി വർഗീയ കക്ഷികളുമായി കൂട്ടുചേരുന്ന പിണറായി വിജയൻ വലിയ വില കൊടുക്കേണ്ടി വരുമെന്നും യുഡിഎഫ് സ്ഥാനാർത്ഥി പറഞ്ഞു.
കേരളത്തില്‍ സിപിഎമ്മിന് വോട്ടുചെയ്താല്‍ അത് ബിജെപിയെ സഹായിക്കുന്നതിന് തുല്യമാണെന്ന കോണ്‍ഗ്രസിന്റെ വാദം ഇന്നലെ തെളിഞ്ഞു. .സിപിഎം ആവര്‍ത്തിക്കുന്നത് ബിജെപിയുടെ ആരോപണങ്ങളാണ്. എല്‍ഡിഎഫിന് ഓരോ സംസ്ഥാനത്തും ഓരോ നയമാണെന്നും കോണ്‍ഗ്രസ് നേതാവ് കുറ്റപ്പെടുത്തി.
കേരളത്തില്‍ ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരാണെന്നും കേന്ദ്ര സര്‍ക്കാര്‍ എന്തൊക്കെ പദ്ധതികള്‍ നടപ്പിലാക്കിയാലും അതിനെ ചെറുക്കാന്‍ കോണ്‍ഗ്രസ് മുന്നിലുണ്ടാകുമെന്നും മുരളീധരന് വ്യക്തമാക്കി.കഴിഞ്ഞ ദിവസം ബിജെപിയിലേക്ക് ആളെ റിക്രൂട്ട് ചെയ്യുന്നത് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും ഇടത് മുന്നണി കൺവീനറുമായ ഇ.പി ജയരാജനാണെന്ന് കെ. മുരളീധരന് ആരോപിച്ചിരുന്നു.