ന്യൂഡൽഹി: അപ്രന്റിസ് നിയമനം ഊർജിതമാക്കാൻ രാജ്യത്തെ 1.8 ലക്ഷം കമ്പനികൾക്കു കേന്ദ്ര സർക്കാർ നോട്ടിസയച്ചു. അധികാരത്തിലെത്തിയാൽ തൊഴിലില്ലായ്മ തുടച്ചുനീക്കുമെന്ന പ്രഖ്യാപനത്തോടെ കോൺഗ്രസ് അപ്രന്റിസ്ഷിപ് പദ്ധതി പ്രഖ്യാപിച്ചതിനു പിന്നാലെയാണു കേന്ദ്ര നീക്കം.
25 വയസ്സിൽ താഴെയുള്ളവരെ വർഷം ഒരു ലക്ഷം രൂപ സ്റ്റൈപൻഡോടെ സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങളിൽ അപ്രന്റിസുമാരായി നിയമിക്കുമെന്നാണു കോൺഗ്രസിന്റെ വാഗ്ദാനം. ബിരുദ, ഡിപ്ലോമ കോഴ്സുകൾ പാസായവർക്ക് പ്രതിഫലത്തോടെ തൊഴിൽ പരിശീലനം ലഭിക്കും. രാജ്യത്ത് എല്ലാവർക്കും തൊഴിൽ വാഗ്ദാനം ചെയ്യുന്ന പദ്ധതിക്കു യുവജനങ്ങൾക്കിടയിൽ സ്വീകാര്യത ലഭിക്കുമെന്നാണു കോൺഗ്രസ് കണക്കുകൂട്ടൽ. ‘ആദ്യ ജോലി ഉറപ്പ്’ എന്നായിരിക്കും മുദ്രാവാക്യം.