തൃശൂർ:കുത്തിത്തിരിപ്പ് ഉണ്ടാക്കിയില്ലെങ്കിൽ കലാമണ്ഡലം ഗോപിയാശാനെ ഇനിയും കാണാൻ ശ്രമിക്കുമെന്നു എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി.കലാമണ്ഡലം ഗോപിയുമായി ബന്ധപ്പെട്ട വിവാദത്തിനിടെ പ്രതികരിക്കുകയായിരുന്നു സുരേഷ്‌ഗോപി.‘‘ഞാൻ മുൻ എസ്എഫ്ഐക്കാരൻ ആണെന്നതു സിപിഎം നേതാവ് എം.എ.ബേബിക്ക് അറിയാം.
ഇക്കാര്യം നിങ്ങൾ ബേബിയോടു ചോദിക്കൂ. ബേബിയുടെ ക്ലാസിൽ ഞാനിരുന്നിട്ടുണ്ട്. കെ.കരുണാകരനോട് നീതി കാണിച്ചോ എന്ന് കോൺഗ്രസ് ആത്മപരിശോധന നടത്തണം. കരുണാകരന്റെ കുടുംബവുമായുള്ള ബന്ധം രാഷ്ട്രീയത്തിന് അതീതമാണ്, അത് തുടരും.
കരുണാകരൻ ജനകീയ നേതാവായിരുന്നു. കരുണാകരന്റെ സ്മൃതികുടീരം സന്ദർശിക്കണോ എന്ന് എന്റെ നേതാക്കൾ പറയട്ടെ. സന്ദർശനം എല്ലാവർക്കും സ്വീകാര്യമാകണം. ഒരിടത്തും കടന്നു കയറില്ലെന്നും സുരേഷ്‌ഗോപി പ്രതികരിച്ചു.കരുണാകരന്റെ സ്മൃതികുടീരം സന്ദർശിക്കണോ എന്ന് എന്റെ നേതാക്കൾ പറയട്ടെ എന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.
എന്റെ വീട്ടിലേക്ക് ഒരുപാട് പേർ വോട്ടുതേടി വന്നിട്ടുണ്ട്. വന്നവരെയെല്ലാം ഞാൻ സ്വീകരിച്ചു. ഗോപിയാശാൻ എന്നെ സ്വീകരിക്കാത്തത് അവരുടെ രാഷ്ട്രീയ ബാധ്യത, അത് അവഗണനയല്ല. എന്നെ സ്നേഹിക്കുന്നുണ്ടോ എന്ന് അവരുടെ ഹൃദയത്തോടു ചോദിക്കണം.
ആ സ്നേഹം ഞാൻ തൊട്ടറിഞ്ഞിട്ടുണ്ട്. കരുണാകരന്റെ ഭാര്യാസഹോദരിയുടെ വീട്ടിൽ വന്നതിൽ രാഷ്ട്രീയമില്ല, വോട്ട് അഭ്യർഥിച്ചിട്ടില്ല. വോട്ട് ചെയ്യുന്നത് അവരുടെ സ്വാതന്ത്ര്യമാണ്. യോഗ്യമെന്നു തോന്നുന്നതാണു വ്യക്തികൾ ചെയ്യുക. വ്യക്തികളുടെ ബലാബലത്തിലാവും എന്റെ വിജയം’’– സുരേഷ് ഗോപി പറഞ്ഞു.
കലാമണ്ഡലം ഗോപിയുടെ അനുഗ്രഹം തേടാൻ സുരേഷ് ഗോപി വീട്ടിലേക്കുവരാൻ ആഗ്രഹിക്കുന്നതായി പ്രശസ്ത ഡോക്ടർ വിളിച്ചുപറഞ്ഞെന്നും വരേണ്ടെന്നു പറഞ്ഞപ്പോൾ ‘ആശാനു പത്മഭൂഷൺ കിട്ടണ്ടേ’ എന്നു ചോദിച്ചെന്നും ഗോപിയുടെ മകൻ രഘു ഗുരുകൃപ സമൂഹമാധ്യമത്തിൽ എഴുതിയത് വൻ ചർച്ചയായിരുന്നു.
‘അങ്ങനെ എനിക്ക് പത്മഭൂഷൺ വേണ്ട’ എന്നു കലാമണ്ഡലം ഗോപി മറുപടി നൽകിയെന്നും ആ ഗോപിയല്ല ഈ ഗോപിയെന്നു മനസ്സിലാക്കണമെന്നുമാണു രഘുവിന്റെ കുറിപ്പിന്റെ തുടക്കം. വ്യാപകമായി ചർച്ചയായപ്പോൾ പോസ്റ്റ് രഘു പിൻവലിച്ചു. ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിലെ പേരാമംഗലത്താണു കലാമണ്ഡലം ഗോപിയുടെ വീട്.
കലാമണ്ഡലം ഗോപിയെ വിളിക്കാൻ താൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നു സുരേഷ് ഗോപി പ്രതികരിച്ചു. പാർട്ടിയും ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. പോസ്റ്റിൽ പറഞ്ഞ കാര്യങ്ങൾ അദ്ദേഹത്തിന്റെ അറിവോടെയാണോ എന്നറിയില്ല.
അദ്ദേഹം എനിക്കു ഗുരുതുല്യനാണ്. മണ്ഡലത്തിൽ ആരെയൊക്കെ കാണണമെന്നു പട്ടിക തയാറാക്കിയിരിക്കുന്നതു പാർട്ടിയാണ്. ഗോപിയാശാനെയും കാണാൻ ആഗ്രഹിക്കുന്നുണ്ട്. അദ്ദേഹം അനുവദിക്കുന്നില്ലെങ്കിൽ അദ്ദേഹത്തെ മനസ്സിൽ സങ്കൽപിച്ച് അദ്ദേഹത്തിനുള്ള ഗുരുദക്ഷിണ ഗുരുക്കന്മാരുടെ ഗുരുവായ ഗുരുവായൂരപ്പനു മുൻപിൽ സമർപ്പിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.