ഇന്ന് ഇ.എം.എസ് ദിനം. സഖാവിന്റെ രാഷ്ട്രീയജീവിതത്തെ കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കുകയും പകര്‍ത്തുകയും ചെയ്യുക എന്നത് അനിവാര്യമായ ഒരു ചരിത്ര സന്ദര്‍ഭമാണിത്. സംഘപരിവാറിന്റെ ഫാസിസ്റ്റ് വിധ്വംസകതയും മുതലാളിത്തത്തിന്റെ ഹൃദയശൂന്യമായ ചൂഷണവും പത്തി വിരിച്ചാടുന്ന ഈ ഘട്ടത്തില്‍ അതിനെതിരെ മാനവികതയുടെ പ്രതിരോധമുയര്‍ത്താന്‍ സഖാവ് ഇ.എം.എസിന്റെ സ്മരണകള്‍ നമുക്ക് പ്രചോദനം പകരും.
സ്വന്തം കൊടിക്കൂറ പാറിക്കാന്‍ വര്‍ഗീയ രാഷ്ട്രീയം കിണഞ്ഞു പരിശ്രമിക്കുമ്പോളും ജനാധിപത്യത്തിന്റേയും മതേതരത്വത്തിന്റേയും മാതൃകാസ്ഥാനമായി നിലനില്‍ക്കാന്‍ കേരളത്തിനു സാധിക്കുന്നതില്‍ സഖാവിന് അതുല്യമായ പങ്കുണ്ട്. ഭൂവുടമ വ്യവസ്ഥയെ ഭൂപരിഷ്‌കരണത്തിലൂടെ തകര്‍ത്തും ആധുനിക വിദ്യാഭ്യാസത്തിനും ജനക്ഷേമത്തിനും അടിത്തറ പാകിയും ഇന്നു നാം കാണുന്ന കേരളത്തെ വാര്‍ത്തെടുത്തവരുടെ നേതൃനിരയിലാണ് അദ്ദേഹത്തിന്റെ സ്ഥാനം.
ഭരണഘടന വിഭാവനം ചെയ്യുന്ന ഇന്ത്യക്കായുള്ള പോരാട്ടത്തിലാണിന്ന് രാജ്യമെമ്പാടുമുള്ള ജനാധിപത്യവാദികള്‍. സംഘപരിവാറിന്റെ അധികാര ഹുങ്കിനും പണക്കൊഴുപ്പിനും മുന്‍പില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന വലതുപക്ഷം അടിയറവു പറഞ്ഞതോടെ ഈ സമരം കൂടുതല്‍ നിശ്ചയദാര്‍ഢ്യത്തോടെയും പ്രത്യയശാസ്ത്രബോധ്യത്തോടെയും മുന്നോട്ടു കൊണ്ടുപോകുന്നതില്‍ ഇടതുപക്ഷത്തിനുള്ള ഉത്തരവാദിത്തം വര്‍ദ്ധിച്ചിരിക്കുന്നു. അതിനു സഖാവ് ഇ.എം.എസ് പകര്‍ന്നു തന്ന രാഷ്ട്രീയപാഠങ്ങള്‍ വഴികാട്ടിയാകും.
ഇ.എം.എസ് എന്ന കമ്മ്യൂണിസ്റ്റിന്റെ അസാമാന്യമായ ധൈഷണികതയും വിപ്ലവവീര്യവും നവകേരളം യാഥാര്‍ത്ഥ്യമാക്കാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് ഊര്‍ജ്ജവും ദിശാബോധവും പകരുന്നു. മത സൗഹാര്‍ദ്ദവും ജനാധിപത്യമൂല്യങ്ങളും പുലരുന്ന; തുല്യതയിലും നീതിയിലും അധിഷ്ഠിതമായ ലോകത്തിനായി നമുക്ക് മുന്നോട്ടു പോകാം. സഖാവ് ഇ.എം.എസിന്റെ ഉജ്ജ്വല സ്മരണ അതിന് വഴികാട്ടിയാവും.