കോയമ്പത്തൂര്‍:പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോയമ്പത്തൂരിലെ റോഡ് ഷോയിൽ സ്കൂൾ കുട്ടികൾ പങ്കെടുപ്പിച്ചതിൽ അന്വേഷണം പ്രഖ്യാപിച്ച് കളക്ടർ.സ്കൂൾ അധികൃതർ ആവശ്യപ്പെട്ടിട്ടാണ് വന്നതെന്ന് കുട്ടികൾ പറഞ്ഞിരുന്നു. ഇതാണ് പരാതിക്ക് കാരണമായത്.
പിന്നാലെ അന്വേഷണം തുടങ്ങുകയായിരുന്നു.തൊഴിൽ-വിദ്യാഭ്യാസ വകുപ്പുകളോട് അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉചിതമായ നടപടി ഉണ്ടാകുമെന്നും കളക്ടർ വ്യക്തമാക്കി.സ്വകാര്യ സ്കൂളിലെ 50-തോളം കുട്ടികൾ യൂണിഫോം ധരിച്ച് റോഡ് ഷോയിൽ നിൽക്കുന്ന ദൃശ്യങ്ങൾ മാധ്യമപ്രവർത്തക എക്സിൽ പോസ്റ്റ് ചെയ്തിരുന്നു.
സംഭവം പരിശോധിക്കുമെന്നും കുട്ടികളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുപ്പിക്കരുതെന്ന് നിർദേശം ഉണ്ടെന്നും ചീഫ് എജ്യുക്കേഷൻ ഓഫീസർ എം. ബാലമുരളി ഇന്നലെ തന്നെ പ്രതികരിച്ചിരുന്നു.കോയമ്പത്തൂരിലെ പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്ക് സംസ്ഥാന ആഭ്യന്തര വകുപ്പ് ആദ്യം അനുമതി നിഷേധിച്ചു.
പിന്നീട് ബിജെപി നേതൃത്വം ഹൈക്കോടതിയുടെ മധുര ബെഞ്ചിനെ സമീപിച്ച് റോഡ് ഷോയ്ക്ക് അനുമതി വാങ്ങുകയായിരുന്നു. നിബന്ധനകളോടെയാണ് അനുമതിയെന്ന് ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. സുരക്ഷാ കാരണങ്ങളും പരീക്ഷകളും ചൂണ്ടിക്കാട്ടിയായിരുന്നു കോയമ്പത്തൂർ പൊലീസ് അനുമതി നിഷേധിച്ചത്.
ബിജെപി ജില്ലാ പ്രസിഡന്റ് നൽകിയ ഹർജിയിലാണ് റോഡ് ഷോ അനുവദിച്ച് ഹൈക്കോടതി ഉത്തരവിട്ടത്. 1998ൽ എൽകെ അദ്വാനിയുടെ പ്രസംഗത്തിന് മുൻപ് ബോംബ് സ്ഫോടനം ഉണ്ടായ ആർ എസ് പുരത്താണ് ഇന്നലെ നാല് കിലോമീറ്റര്‍ നീണ്ട റോഡ് ഷോ സമാപിച്ചത്. ഇന്നലെ മോദി കോയമ്പത്തൂരിൽ മരിച്ചവരുടെ ചിത്രങ്ങൾക്ക് മുന്നിൽ പുഷ്‌പാര്‍ച്ചന നടത്തിയിരുന്നു.