പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോയിൽ നിന്ന് ഡോ. എം. അബ്ദുൽ സലാമിനെ ഒഴിവാക്കി. മലപ്പുറത്തെ ബി.ജെ.പി സ്ഥാനാർഥിയാണ് അദ്ദേഹം.
റോഡ് ഷോയിൽ മോദിയുടെ വാഹനത്തിൽ സലാമിനെ കയറ്റിയില്ല. റോഡ് ഷോയിൽ ഉണ്ടാകുമെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും സമയമായപ്പോൾ വാഹനം നിറഞ്ഞു പോയെന്നും വാഹനത്തിൽ സ്ഥലമില്ലാത്തതിനാലാണ് കയറ്റാതിരുന്നതെന്ന് അബ്ദുൽ സലാം പറഞ്ഞു.
പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് മലപ്പുറത്തേക്ക് ക്ഷണിച്ചെന്നും സലാം പറഞ്ഞു.
പാലക്കാട് അഞ്ചുവിളക്ക് ജങ്ഷൻ മുതൽ ഹെഡ് പോസ്റ്റ്‍ഓഫീസ് വരെയാണ് മോദിയുടെ റോഡ് ഷോ. പ്രധാനമന്ത്രിക്കൊപ്പം പാലക്കാട്, പൊന്നാനി മണ്ഡലങ്ങളിലെ ബി.ജെ.പി സ്ഥാനാർഥികളുമുണ്ടായിരുന്നു.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ തുടർന്ന് കനത്ത സുരക്ഷയാണ് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. റോഡ് ഷോ പൂര്‍ത്തിയാക്കി പ്രധാനമന്ത്രി സേലത്തേക്ക് മടങ്ങും.
















