കാണാതായ തന്റെ ഭര്‍ത്താവിനെ പെട്ടന്ന് കണ്ടെത്തി നല്‍കണമെന്നാവശ്യപ്പെട്ട് മൊബൈല്‍ ടവറില്‍ കയറി ആത്മഹത്യാഭീഷണിയുമായി യുവതി. കര്‍ണാടകയിലെ നെലമംഗലയ്ക്കടുത്തുള്ള മാകലി ഗ്രാമത്തിലെ മൊബൈല്‍ ടവറിലാണ് യുവതി കയറിയത്. തുമകൂരു ജില്ലയിലെ പാവഗഡ സ്വദേശിയായ 20കാരിയായ സിന്ധു എന്ന നവവധുവാണ് കാണാതായ ഭര്‍ത്താവ് ഗണേഷിനെ പെട്ടന്ന് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഭീഷണി മുഴക്കിയത്.
ടവറില്‍ കയറി നിന്നത് ചില പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെടുകയും തുടര്‍ന്ന് മദനായകനഹള്ളി പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ഇവരെ സുരക്ഷിതമായി താഴെയിറക്കുകയായിരുന്നു. ഒക്ടോബര്‍ 6നായിരുന്നു ഇരുവരുടേയും വിവാഹം. എന്നാല്‍, പരസ്പരമുണ്ടായ പ്രശ്നങ്ങള്‍ കാരണം ഇയാള്‍ ആരോടും പറയാതെ വീടുവിട്ട് ഇറങ്ങുകയായിരുന്നു. തുടര്‍ന്ന് യുവതി
മദനായകനഹള്ളി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പരാതിന്മേല് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും സംഭവത്തില്‍ അസ്വസ്ഥതയിലായ ഇവര്‍, ഭര്‍ത്താവിനെ പെട്ടന്ന് തന്നെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ടവറില്‍ കയറി ഭീഷണി മുഴക്കുകയായിരുന്നു. ഭര്‍ത്താവിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ആ?ദ്യം ഇവര്‍ റോഡിന്റെ നടുവില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. പൊലീസ് ഇടപെട്ട് അവിടെ നിന്നും മാറ്റുകയായിരുന്നു. എന്നാല്‍ ഇതുകൊണ്ടൊന്നും നിര്‍ത്താതെ പിന്നാലെ മൊബൈല്‍ ടവറില്‍ കയറിയ യുവതി ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു.
പ്രദേശവാസികളറിയിച്ചതിനെത്തുടര്ന്ന് പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് ശേഷം, വൈദ്യപരിശോധനയ്ക്കും മാനസിക പിന്തുണയ്ക്കുമായി യുവതിയെ ബംഗളൂരുവിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസിലേക്ക് മാറ്റാനും പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.















