പേരാമ്പ്ര: അനുവിന്റെ കൊലപാതകത്തില്‍ പ്രതി മുജീബിനെ കുടുക്കിയത് കൊലക്ക് മുന്‍പും ശേഷവമുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍. കൊലക്ക് മുന്‍പ് പ്രതി അലിയോറതാഴയിലേക്ക് പോകുമ്പോള്‍ പാൻറ് മടക്കിയ നിലയിലെങ്കില്‍ തിരികെ പോകുന്ന ദൃശ്യത്തില്‍ പാൻറ് നനഞ്ഞ് മടക്കഴിഞ്ഞ നിലയിലായിരുന്നു. ഇതാണ് കേസിലെ നിർണായക തെളിവായത്. ഇത് അന്വേഷിച്ച് പൊലീസ് എത്തിയപ്പോൾ പ്രതിയുടെ ഭാര്യ വസ്ത്രങ്ങൾ കത്തിക്കാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വസ്ത്രങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്കയക്കും.
കേസില്‍ പ്രതി മുജീബ്റഹ്മാനെ കോടതി നാലു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതി കവർച്ചചെയ്ത സ്വർണ മോതിരവും താലിയും കണ്ടെത്താനുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചു. മുജീബ് 2000ല്‍ പരപ്പനങ്ങാടിയിൽ ജ്വല്ലറി ഉടമയെ കൊന്ന കേസിലും പ്രതിയാണ്.
കൊലപാതകം നടന്ന അല്ലിയോറ താഴെയിലെ തോട്ടിലും ബൈക്ക് മോഷ്ടിച്ച കണ്ണൂർ മട്ടന്നൂരിലും സ്വർണം വിറ്റ കൊണ്ടോട്ടിയിലും മുജീബുമായി തെളിവെടുപ്പുനടത്തും. പ്രതി കവർച്ച ചെയ്ത് സ്വർണ മോതിരവും താലിയും കണ്ടെത്താനുണ്ടെന്നും കസ്റ്റഡി അപേക്ഷയിൽ പൊലീസ് അറിയിച്ചു. കൂടുതൽ ചോദ്യം ചെയ്യലിനും വിധേയമാക്കും. പ്രതിയെ മുഖംമുടി ധരിച്ചാണ് കോടതിയിൽ ഹാജരാക്കിയത്. മുഖം മുടിമാറ്റാൻ കോടതി ആവശ്യപ്പെട്ടു. പ്രതിക്ക് നിയമസഹായം നൽകാൻ കോടതി അഭിഭാഷകനെയും ചുമതലപ്പെടുത്തി.
2000ല്‍ പരപ്പനങ്ങാടി ചെട്ടിപ്പടിയിയിൽ സ്വര്‍ണം തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെ ജ്വല്ലറി ഉടമ ഗണപതിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലും മുജീബ് റഹ്മാൻ പ്രതിയാണ്. കൊലക്കുശേഷം രക്ഷപ്പെട്ട മുജീബിനെ സേലത്തുനിന്നാണ് പിടികൂടിയത്. കേസില്‍ മുജീബ് ശിക്ഷ അനുഭവിച്ചു പുറത്തിറങ്ങിയ ശേഷവും കുറ്റകൃത്യങ്ങള്‍ തുടരുകയായിരുന്നു.
കവര്‍ച്ച ചെയ്യുന്ന സ്വര്‍ണം വില്‍പ്പന നടത്താന്‍ മറ്റു ചിലരെ ഏല്‍പ്പിക്കുകയാണ് ഇയാള്‍ ചെയ്യാറുള്ളത്. മുക്കത്ത് കവര്‍ച്ച നടത്തിയപ്പോള്‍ വേങ്ങര സ്വദേശി ജമാലുദ്ദീനാണ് വില്‍പ്പന നടത്താന്‍ സഹായിച്ചത്. അനുവിന്റെ സ്വര്‍ണം കൊണ്ടോട്ടി ചുണ്ടക്കാട് അബൂബക്കറാണ് വില്‍പ്പന നടത്തിയത്. ഇയാള്‍ മുജീബ് റഹ്മാന്റെ ഇക്കാര്യത്തിലെ സ്ഥിരംസഹായിയാണ്.