തിരുവനന്തപുരം: ബിജെപി മുഖ പത്രമായ ജൻമഭൂമിയിൽ കോടികളുടെ സാമ്പത്തിക ക്രമക്കേടെന്ന് ആരോപണം. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ബിജെപി പിരിച്ച് നൽകിയ 14 കോടി എംഡിയും ജനറൽ മാനേജറും ചേർന്ന് വെട്ടിച്ചതായി ജീവനക്കാർ ആരോപിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ജീവനക്കാരുടെ ശമ്പളം പോലും നൽകാത്തതിനെ തുടർന്നാണ് ആരോപണവുമായി ജീവനക്കാർ രംഗത്ത് എത്തിയത്.
രാജി വെച്ച ജീവനക്കാരുടെ പിഎഫും മാനേജ്മെൻ്റ് അടച്ചിട്ടില്ല. ജന്മഭൂമിയില്‍ നിന്ന് ഒൻപത് മാസം മുന്‍പ് രാജിവച്ച ജീവനക്കാരിൽ ഒരാളായ നീരജ് ജിജിക്ക് പിഎഫ് ഇതുവരെ ലഭിച്ചിട്ടില്ല .”ഗ്രാറ്റുവിറ്റിയായി ജന്മഭൂമി നല്‍കാനുള്ളത് 56,482 രൂപയാണ്. രണ്ട് തവണ ബന്ധപ്പെട്ടവര്‍ക്ക് മെയില്‍ അയച്ചു. ജനുവരി 30ന് ആകെ നല്‍കിയത് 20000 രൂപ. ഇക്കാര്യം അറിയിച്ച് ജന്മഭൂമിയുടെ മാനേജിംഗ് ഡയറക്ടറെ ഫോണ്‍ മുഖേന ബന്ധപ്പെട്ടപ്പോള്‍ നോക്കാം എന്നു മാത്രമായിരുന്നു മറുപടി “- നീരജ് പറയുന്നു.
മാനേജ്മെൻ്റ് പിഎഫിൻ്റെ അടവ് മൂന്ന് മാസത്തിലേറെ മുടങ്ങിയതിൽ പണം പിൻവലിക്കാനാവാത്ത സാഹചര്യമുണ്ടെന്നും മുൻ ജീവനക്കാരൻ പറഞ്ഞു. കൂടാതെ നീരജിന്റെ പേരില്‍ ജന്മഭൂമി തിരുവനന്തപുരം യൂണിറ്റ് എടുത്ത വായ്പയില്‍ ഇനി 91,802 രൂപയും അടയ്ക്കാനുണ്ട്. പിഎഫ്പോലും അടയ്ക്കാത്തത് ക്രിമിനൽ കുറ്റമാണെന്നും. രാജിവച്ച ജീവനക്കാരെ മാനേജ്മെൻ്റ് പരമാവധി ദ്രോഹിക്കുകയാണെന്നും മുൻ ജീവനക്കാർ വെളിപ്പെടുത്തി.
അതേ സമയം; മുഖപത്രത്തിൻ്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ബിജെപി 14 കോടി രൂപയാണ് അടുത്തിടെ മാനേജ്മെൻ്റിന് കൈമാറിയത്. ഇതില്‍ നിന്നും പിഎഫ് അടച്ചില്ല. പല യൂണിറ്റുകളിലും മൂന്ന് മാസത്തെ ശമ്പളം വിതരണം ചെയ്യാനുണ്ട്. കണ്ണൂര്‍ യൂണിറ്റില്‍ അഞ്ചു മാസമായി ശമ്പളം മുടങ്ങിയിട്ട്. ജീവനക്കാരെ പട്ടിണിക്കിട്ട് എന്നാല്‍ മനുഷ്യത്വ വിരുദ്ധമായി ജന്മഭൂമി മാനേജ്മെൻ്റ് പെരുമാറുമ്പോൾ എം ഡി, ജനറല്‍ മാനേജര്‍ എന്നിവര്‍ക്ക് ബിജെപി ദേശീയ നേതൃത്വം സ്ഥാനക്കയറ്റം നൽകിയെന്നും ജീവനക്കാർ ആരോപിക്കുന്നു.
പ്രശനം ഉടൻ പരിഹരിച്ചില്ലെങ്കിൽ സമരമടക്കം കടുത്ത നടപടികളിലേക്ക് നീങ്ങാനാണ് ജീവനക്കാരുടെ തീരുമാനം. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ ജീവനക്കാര്‍ക്ക് ഇപ്പോൾ ജോലിഭാരവും കൂടുതലാണ്. എന്നാല്‍ മുടങ്ങിയ ശമ്പളം വിതരണം ചെയ്യാതെ ഇനി ജോലിക്ക് കയറില്ലെന്നാണ് ഒരുവിഭാഗം ജീവനക്കാരുടെ തീരുമാനം. രാജിവെച്ച ജീവനക്കാർ കൊച്ചി ഓഫീസിന് മുന്നില്‍ പ്രത്യക്ഷ സമരത്തിനും തയ്യാറെടുക്കുകയാണ്.
















