കോട്ടയം: മുൻ മുഖ്യമന്ത്രിമാരായ കെ.കരുണാകരൻ്റെ മകൾ പത്മജാ വേണുഗോപാലിനും എ.കെ. ആൻ്റണിയുടെ മകനായ അനിൽ ആൻ്റണിക്കും പിന്നാലെ ഉമ്മൻ ചാണ്ടിയുടെ മകൻ ബിജെപിയിൽ ചേരുമെന്ന പ്രചരണത്തിനെതിരെ പുതുപ്പള്ളി എം.എൽ.എ. ചാണ്ടി ഉമ്മൻ. താൻ ബിജെപിയിൽ ചേരുമെന്ന പ്രചരണം തള്ളിയ ചാണ്ടി സിപിഎം തൻ്റെ പിതാവിൻ്റെ കല്ലറയുടെ പേരിൽ വ്യാജ പ്രചരണം നടത്തുകയാണെന്നും പറഞ്ഞു.
പിതാവിന്റെ കല്ലറയില്‍ നിന്ന് ജയ്ശ്രീറാം വിളി കേള്‍ക്കുന്നതായി പറയുന്നത് വ്യാജ പ്രചരണമാണ്. സിപിഎമ്മാണ് അതിന് പിന്നിൽ. ഉമ്മൻ ചാണ്ടിയുടെ കല്ലറയെ പോലും അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ചാണ്ടി ഉമ്മന്‍ കുറ്റപ്പെടുത്തി.
ഇപ്പോള്‍ നടക്കുന്നത് ചാണ്ടി ഉമ്മനെതിരെയുള്ള ആക്രമണമല്ല. പിതാവിനോടുള്ള സിപിഎമ്മിന്റെ പകയാണ്. പിതാവിനെ വെറുതെവിടണമെന്നും തന്നെ ആക്രമിച്ചോളുവെന്നും ഒരു പൊതുപരിപാടിയില്‍ സംസാരിക്കുന്നതിനിടെ ചാണ്ടി ഉമ്മന്‍ പറഞ്ഞു.
അതേസമയം;കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് കെ.കരുണാകരൻ്റെ മകൾ പത്മജ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത്. കോൺഗ്രസിൽ നേരിട്ട അവഗണനയെ തുടർന്നാണ് താൻ പാർട്ടി വിട്ടതെന്നാണ് അവരുടെ പ്രതികരണം. നേരത്തേ പാർട്ടി വിട്ട എകെ ആൻ്റണിയുടെ മകൻ അനിൽ ആൻ്റണിയാണ് ഇക്കുറി പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി.
















