തിരുവനന്തപുരം: തലസ്ഥാനത്ത് ടിപ്പറിടിച്ച് ഇരുചക്രവാഹന യാത്രികൻ മരിച്ച സംഭവത്തിൽ ടിപ്പർ ഡ്രൈവർ അറസ്റ്റിൽ. ടിപ്പറോടിച്ച സതീഷ് കുമാറിനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അശ്രദ്ധമായും അലക്ഷ്യവുമായി വാഹനമോടിച്ചതിന് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
നഗരമധ്യത്തിലെ ബേക്കറി ജംഗ്ഷന് സമീപമുള്ള പനവിളയിൽ നടന്ന അപകടത്തിൽ മലയൻകീഴ് സ്വദേശി ജിഎസ് സുധീറാണ് മരിച്ചത്.ചാല ടെക്നിക്കൽ സ്കൂൾ അധ്യാപകനാണ് സുധീർ . അപകടമുണ്ടായതിന് പിന്നാലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സുധീർ സഞ്ചരിച്ച ബൈക്കിൽ സിഗ്നൽ തെറ്റിച്ചു അമിത വേഗത്തിൽ വന്ന ടിപ്പർ സുധീറിനെ ഇടിക്കുകയായിരുന്നു. അലക്ഷ്യമായി വന്ന ടിപ്പർ സുധീറിൻ്റെ ശരീരത്തിൽ കയറി ഇറങ്ങുകയായിരുന്നു.
പട്ടത്തെ സഹോദരിയുടെ വീട്ടിൽ പോയി മലയിൻകീഴിലെ സ്വന്തം വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു സുധീറിന് അപകടമുണ്ടായത്. സുധീറിന്റെ സംസ്കാരം നാളെ നടക്കും. ഡിഎംഒ ഓഫീസ് ജീവനക്കാരിയായ സ്മിതയാണ് ഭാര്യ. മൂന്നാം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുന്ന രണ്ടു പെൺകുട്ടികളാണുള്ളത്.
















