കൊല്ലം: പരവൂരിൽ അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ ആത്മഹത്യ ചെയ്തതിൽ ക്രൈംബ്രാഞ്ച് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി. സംഭവത്തിൽ പൊലീസ് നേരത്തെ കേസെടുത്തിരുന്നത് അസ്വാഭാവിക മരണത്തിനായിരുന്നു. എന്നാൽ തൊഴിലിടത്തിലെ മാനസിക പീഡനമെന്ന ആരോപണം കണക്കിലെടുത്താണ് പുതിയ നടപടി. കേസന്വേഷണം സിറ്റി ക്രൈം ബ്രാഞ്ചിൽ നിന്ന് സംസ്ഥാന ക്രൈം ബ്രാഞ്ച് ഏറ്റെടുത്തിരുന്നു.
അനീഷ്യ മരിക്കുന്നതിന് മുമ്പ് ഓഫീസിലെ സഹപ്രവര്‍ത്തകര്‍ പരസ്യമായി അവഹേളിക്കുകയാണെന്നും ജോലി സ്ഥലത്ത് സമ്മര്‍ദ്ധമുണ്ടെന്നും ജീവിതം മുന്നോട്ടു പോകാന്‍ കഴിയുന്നില്ലെന്നും ഓഡിയോ സന്ദേശത്തില്‍ പറഞ്ഞിരുന്നു. അനീഷ്യ മരിച്ച് അന്‍പതിലേറെ ദിവസമായിട്ടും ഇതുവരെയും പൊലീസ് മറ്റു വകുപ്പുകള്‍ ചുമത്തുകയോ മരണക്കുറിപ്പില്‍ പരാമര്‍ശിച്ച സഹപ്രവര്‍ത്തകര്‍ക്കെതിരെ നടപടി സ്വീകരിക്കുകയോ ചെയ്തിരുന്നില്ല.
ഇതോടെ മനഃപൂര്‍വം മകളെ മരണത്തിലേക്ക് തള്ളി വിടുകയായിരുന്നുവെന്ന് ആരോപിച്ച് മാതാപിതാക്കളും പ്രത്യക്ഷ സമരവുമായി രംഗത്തെത്തിയിരുന്നു. ഇതോടെയാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ തീരുമാനിച്ചത്. ഇന്നാണ് ആത്മഹത്യ പ്രേരണ കുറ്റം കൂടി ചുമത്തി ക്രൈംബ്രാഞ്ച് പരവൂര്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
അനീഷ്യ ആത്മഹത്യ ചെയ്തിട്ട് 50 ദിവസം പിന്നിട്ടിട്ടും കേസിന്റെ അന്വേഷണം മാത്രം എങ്ങും എത്തിയില്ലെന്ന് കുടുംബം കുറ്റപ്പെടുത്തിയിരുന്നു. ആരോപണ വിധേയരായ ഡിഡിപി അബ്ദുൽ ജലീൽ, എപിപി ശ്യാം കൃഷ്ണ എന്നിവരെ സസ്പെൻഡ് ചെയ്തതല്ലാതെ അന്വേഷണസംഘം ഇതുവരെയും ചോദ്യം ചെയ്തില്ല. നിലവിലെ അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് പറയുന്ന കുടുംബം സിബിഐ അന്വേഷണമാണ് ആവശ്യപ്പെടുന്നത്.