ന്യൂയോർക്ക് ∙ ന്യൂയോർക്ക് സോഷ്യൽ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഒന്നാമത് ഇൻറർനാഷനൽ വടംവലി മത്സരം ഓഗസ്റ്റ് 17 ന് ന്യൂയോർക് റോക്ക്‌ലാൻഡ് ക്നാനായ കമ്മ്യൂണിറ്റി സെൻററിൽ വച്ച് നടത്തപ്പെടുന്നു. സാജൻ കുഴിപ്പറമ്പിൽ ചെയർമാൻ, പോൾ കറുകപ്പിള്ളിൽ ജനറൽ കൺവീനറായും തിരഞ്ഞെടുക്കപ്പെട്ടു. മത്സരത്തിൻറെ സുഗമമായ നടത്തിപ്പിനുവേണ്ടി വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചു.
പ്രായഭേദമന്യേ ഏവർക്കും കലാ, കായിക പ്രവർത്തനങ്ങളിൽ പങ്കെടുക്കൻ അവസരമൊരുക്കുന്നതിനായി രൂപീകരിച്ച ന്യൂയോർക്ക് സോഷ്യൽ ക്ലബിൻറെ പ്രവർത്തനങ്ങൾ തികച്ചും ശ്രദ്ധേയമാകുന്നു. ആധുനിക ജീവിതത്തിലെ തിരക്കിനിടയിൽ കായിക, കലാ മേഖലയുടെ പ്രാധാന്യം തിരിച്ചറിയുന്നതിനും ഏവർക്കും സുരക്ഷിതവും ആത്മവിശ്വാസം പകരുന്നതുമായ അന്തരീക്ഷം പ്രദാനം ചെയ്യുക എന്നതുമാണ് ക്ലബിൻറെ പ്രധാന ലക്ഷ്യം. ന്യൂയോർക്കിൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനാ നിയമങ്ങൾക്ക് കീഴിലാണ് ക്ലബ് പ്രവർത്തനങ്ങൾ.
അംഗങ്ങൾക്കാവശ്യമായ ഗുണനിലവാരമുള്ള പ്രോഗ്രാമുൾ ഒരുക്കുന്നതിൽ ക്ലബ് മുൻനിരയിലുണ്ട്. പരസ്പരമുള്ള കൂട്ടായ്മ നിലനിർത്തുക, അതിലെ അംഗങ്ങൾക്കിടയിൽ സൗഹൃദം വളർത്തുക, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും മറ്റു സാമൂഹിക പ്രവർത്തനങ്ങൾക്കും ആവശ്യമായ സംഭാവന നൽകുക, എല്ലാ പ്രായത്തിലുമുള്ള ആളുകളെ ഉൾപ്പെടുത്തി ഗുണനിലവാരമുള്ള കായിക– കലാ പരിപാടികൾ ഒരുക്കുക, പഠനത്തോടൊപ്പം സ്വയം വളരാനും മുന്നോട്ടു പോകുന്നതിനും പ്രോത്സാഹിപ്പിക്കുക, കമ്മ്യൂണിറ്റിയിലെ മറ്റ് ഓർഗനൈസേഷനുകളുമായുള്ള പങ്കാളിത്തത്തോടെ മാർക്കറ്റിങ്ങിലും ഔട്ട്റീച്ചിലുമുള്ള പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകുക എന്നിവയും ക്ലബിൻറെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു.
റോയ് മറ്റപ്പിള്ളിൽ (പ്രസിഡൻറ്), സാജൻ കുഴിപ്പറമ്പിൽ (വൈസ് പ്രസിഡൻറ്), ജിമ്മി പൂഴിക്കുന്നേൽ (സെക്രട്ടറി), ഷിബു എബ്രഹാം (ജോയിൻറ് സെക്രട്ടറി), ജോസ് കുട്ടി പൊറ്റംക്കുഴി (ട്രഷറർ), സിജു ചെറുവങ്കാല(പിആർഒ), നിബു ജേക്കബ്, ബിജു മുപ്രപള്ളിൽ, ജോയൽ വിശാഖൻത്തറ, മനു അരയന്താനത്ത് എന്നിവർ ന്യൂയോർക്ക് സോഷ്യൽ ക്ലബിൻറെ ബോർഡ് അംഗങ്ങളുമാണ്.
കായിക മാമാങ്കത്തിൽ പ്രൈസ് നിശ്ചയിച്ചിരിക്കുന്നത് ഇപ്രകാരമാണ്; ഫസ്റ്റ് പ്രൈസ് $5000+ട്രോഫിയും, സെക്കൻറ് പ്രൈസ് $3000+ ട്രോഫിയും, തേർഡ് പ്രൈസ് $2000+ ട്രോഫിയും ഫോർത് പ്രൈസ് $1000+ ട്രോഫിയുമാണ്. കാനഡ, യുകെ, ഇറ്റലി, മാൾട്ട, കുവൈത്ത്, ഖത്തർ, ഇന്ത്യ തുടങ്ങി ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും അതുപോലെ തന്നെ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള മികവുറ്റ ടീമുകൾ പങ്കെടുക്കുന്ന ഈ കായിക മേളയിൽ പങ്കെടുത്ത് വിജയിപ്പിക്കുക.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ