മലപ്പുറം:മോദിക്ക് മുസ്ലീങ്ങളോട് സ്നേഹമാണെന്നും,മലപ്പുറത്ത് മോദിയെ സ്നേഹിക്കുന്നവർ കൂടുതലാണെന്നും ബിജെപി സ്ഥാനാര്‍ത്ഥി ഡോ. എം അബ്ദുള്‍ സലാം.എല്ലാ തടസ്സങ്ങളും പൊട്ടിച്ച് ഒരുനാൾ അവരൊക്കെ പുറത്തുവന്ന് ഇത് പറയുമെന്നും പറഞ്ഞു.
താൻ പോയത് പ്രധാനമന്ത്രിയെ കാണാനാണ്.മോദിക്കൊപ്പം ആരൊക്കെ ഉണ്ടാകണം എന്നൊക്കെ തീരുമാനിക്കുന്നതിന് പ്രൊട്ടോക്കോൾ ഉണ്ട്. പാലക്കാട് ജില്ലയില്‍ ഉൾപ്പെട്ട സ്ഥാനാർത്ഥികളെ ആണ് വാഹനത്തിൽ കയറ്റിയത്.മോദി ചിലപ്പോൾ മലപ്പുറത്തേക്ക് വന്നേക്കുമെന്നും അബ്ദുൾസലാം പറഞ്ഞു.
‘ഹജ്ജ് നിരക്ക് മോദി കുറച്ചു. കൂടുതൽ എമ്പാർക്കേഷൻ പോയൻ്റുകൾ സ്ഥാപിച്ചു. പൗരത്വ നിയമ ഭേദഗതിയിലൂടെ മുസ്ലിമിനെ ഒഴിവാക്കിയിട്ടില്ല. അവരോട് ഒരു വിവേചനവും ഇല്ല. വോട്ട് പിടിക്കാൻ വേണ്ടി പ്രതിപക്ഷ പാർട്ടികൾ വ്യാജ പ്രചാരണം നടത്തുന്നതാണ്.
ഒരു മുസ്ലിമിനുപോലും പോറൽ ഏൽക്കില്ലെ’ന്നും അബ്ദുൾ സലാം പറഞ്ഞു.കഴിഞ്ഞ ദിവസം പാലക്കാട് നടന്ന മോദിയുടെ റോഡ് ഷോയില്‍ പങ്കെടുപ്പിച്ചില്ലെന്ന ആരോപണം അബ്ദുള്‍ സലാം നേരത്തെ തള്ളിയിരുന്നു. മോദിയോടൊപ്പമുള്ള റോഡ് ഷോയ്ക്ക് തനിക്ക് ക്ഷണമുണ്ടായിരുന്നില്ലെന്നും പാലക്കാട് പോയത് മോദിയെ സ്വീകരിക്കാനാണെന്നുമായിരുന്നു അബ്ദുള്‍ സലാം പ്രതികരിച്ചത്.
‘ആരെല്ലാമാണ് മോദിയുടെ റോഡ് ഷോയ്ക്ക് ഒപ്പം ഉണ്ടാകേണ്ടതെന്ന് ഒരാഴ്ച്ച മുമ്പു തന്നെ തീരുമാനിച്ചതാണ്. പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാര്‍, പാലക്കാടിന്റെ ഒരു നിയോജകമണ്ഡലം പങ്കിടുന്ന ലോക്സഭാ മണ്ഡലമായ പൊന്നാനിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി നിവേദിത സുബ്രഹ്മണ്യന്, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് എന്നീ മൂന്ന് പേര് പ്രധാനമന്ത്രിക്കൊപ്പം പ്രചാരണ വാഹനത്തില്‍ കയറണമെന്ന് മുന്‍കൂട്ടി നിശ്ചയിച്ചതാണ്.
നിരവധി കമ്മിറ്റികള്‍ അംഗീകരിച്ചാണ് അന്തിമ പട്ടിക തയ്യാറാക്കപ്പെടുന്നത്. എന്നാല്‍ ഇതൊന്നും അറിയാതെയാണ് മലപ്പുറം സ്ഥാനാര്‍ത്ഥിയും മോദിക്കൊപ്പം വാഹനത്തില്‍ ഉണ്ടെന്ന തരത്തില്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതെ’ന്നും അബ്ദുള്‍ സലാം പറഞ്ഞിരുന്നു.