ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് മാതൃക പെരുമാറ്റ ചട്ടം പാലിക്കുന്നത് ഉറപ്പാക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. സുതാര്യവും സുരക്ഷിതവുമായി തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ട്. മാര്‍ച്ച് 18 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 2,72,80,160 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 1,31,84,573 പുരുഷ വോട്ടര്‍മാരും 1,40,95,250 സ്ത്രീ വോട്ടര്‍മാരുമാണ്. 85 വയസ്സ് പിന്നിട്ട 2,49,960 വോട്ടര്‍മാരും 100 വയസ്സ് പിന്നിട്ട 2,999 പേരുമുണ്ട്. 3,70,933 യുവ വോട്ടര്‍മാരും 88,384 പ്രവാസി വോട്ടര്‍മാരും ഉണ്ട്.
പുതുതായി വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുന്നതിനും പട്ടിക ശുദ്ധീകരിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. മാര്‍ച്ച് 25 വരെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷിക്കുന്നവര്‍ക്ക് ലോക്സഭാതിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ട് സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ അവസരം ഉണ്ടാകും. വോട്ടെടുപ്പിനായി 25,177 തിരഞ്ഞെടുപ്പ് ബൂത്തുകളും 181 ഉപ ബൂത്തുകളും അടക്കം ആകെ 25,358 ബൂത്തുകള്‍ ഉണ്ടാകും. എല്ലാ ബൂത്തുകളിലും കുടിവെള്ളം, ശൗചാലയം, റാമ്പ്, വൈദ്യുതി തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാം ഉണ്ടാകും. സ്ത്രീ, ഭിന്നശേഷി, യുവ,സൗഹൃദ ബൂത്തുകളും മാതൃക, ഹരിത ബൂത്തുകളും ഉണ്ടാകും.
സ്ത്രീകള്‍ മാത്രം നിയന്ത്രിക്കുന്ന 555 ബൂത്തുകള്‍, യുവാക്കള്‍ മാത്രം നിയന്ത്രിക്കുന്ന നൂറു ബൂത്തുകള്‍, ഭിന്നശേഷിക്കാര്‍ മാത്രം നിയന്ത്രിക്കുന്ന 10 ബൂത്തുകള്‍, 2,776 മാതൃക ബൂത്തുകള്‍ എന്നിവയും ഉണ്ടാകും. 85 വയസ്സിന് മുകളില്‍ പ്രായമുള്ള വോട്ടര്‍മാര്‍ക്കും 40% വൈകല്യമുള്ള ഭിന്നശേഷിക്കാര്‍ക്കും വീടുകളില്‍ വോട്ട് ചെയ്യാന്‍ കഴിയും. പൊതുജനങ്ങള്‍ക്ക് ലോക്സഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച വിവരങ്ങള്‍ അറിയുന്നതിന് കോള്‍ സെന്ററുകള്‍ പ്രവര്‍ത്തനം തുടങ്ങി. ജില്ലകളില്‍ 1950 എന്ന നമ്പരിലും ചീഫ് ഇലക്ടറല്‍ ഓഫീസില്‍ 18004251965 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്. പൊതുജനങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം സംബന്ധിച്ച പരാതികള്‍ Cvigil എന്ന ആപ്പിലൂടെ അറിയിക്കാം. 100 മിനിറ്റിനുള്ളില്‍ ഇതില്‍ നടപടി ഉണ്ടാകും.
സുവിധ, വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പ്, സക്ഷം, നോ യുവര്‍ കാന്‍ഡിഡേറ്റ് മൊബൈല്‍ ആപ്പ് എന്നിവയും കുറ്റമറ്റതിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കായി സജ്ജം ആയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് വിവിധ ഘട്ടങ്ങളായി പരിശീലനം നല്കി. സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം പെരുമാറ്റ ചട്ടത്തിന് വിരുദ്ധമായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരെയും, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടുകൂടി ദൃശ്യങ്ങള്‍ നിര്‍മ്മിച്ചു ദുരുദ്ദേശപരമായി പ്രചാരണത്തിന് ഉപയോഗിക്കുന്നതിനെതിരെയും നിയമാനുസൃതമുള്ള നടപടികള്‍ സ്വീകരിക്കും. ക്രമസമാധാന പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനും പ്രശ്ന സാധ്യത ബൂത്തുകള്‍ കണ്ടെത്തി ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യുന്നതിനും പോലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് കേന്ദ്രങ്ങളിലേക്ക് ഉദ്യോഗസ്ഥരെ പക്ഷപാതരഹിതമായും സുതാര്യമായും നിയമിക്കുന്നതിന് ഓര്‍ഡര്‍ എന്ന പേരില്‍ സോഫ്റ്റ്വെയര് സജ്ജമാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും ഉദ്യോഗസ്ഥ നിയമനം നടത്തുക. വോട്ടെടുപ്പ് ദിവസം ബൂത്തുകളില്‍ വെബ് കാസ്റ്റ് സംവിധാനം ഒരുക്കും. സംസ്ഥാനത്തെ എല്ലാ ചെക്ക് പോസ്റ്റുകളും സിസിടിവി നിരീക്ഷണത്തില്‍ ആയിരിക്കും. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷിച്ചിട്ടുള്ളവരുടെ 21,04,787 കാര്‍ഡുകള്‍ പ്രിന്റിങ്ങിന് അയച്ചു. ഇതില്‍ 17,25,176 കാര്‍ഡുകള്‍ പ്രിന്റിംഗ് പൂര്‍ത്തിയാക്കി തിരികെ ലഭിച്ചു. ഇവ വിതരണം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ഈ മാസം അവസാനത്തോടുകൂടി വിതരണം പൂര്‍ത്തിയാകും.
തിരഞ്ഞെടുപ്പ് ഐഡി കാര്‍ഡിന് പുറമേ തിരഞ്ഞെടുപ്പ് കമ്മീഷന് അംഗീകരിച്ചിട്ടുള്ള മറ്റ് തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചും വോട്ട് ചെയ്യാനാകും. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്തിട്ടില്ലാത്തവര്‍ പട്ടികയില്‍ ചേരുകയും വോട്ടവകാശം വിനിയോഗിക്കുകയും ചെയ്യണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.