ഇസ്‍ലാമബാദ്: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ പുകഴ്ത്തി പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ജാവേദ് മിയാൻദാദ്. ഏറെക്കാലമായി ദാവൂദിനെ അറിയാമെന്നും ആളുകൾ കരുതുന്ന പോലുള്ള ഒരു വ്യക്തിയല്ല ദാവൂദെന്നുമാണ് മിയാൻദാദിന്റെ അവകാശവാദം. ദാവൂദ് ഇബ്രാഹിം മുസ്ലിങ്ങൾക്കുവേണ്ടി ചെയ്ത കാര്യങ്ങൾ ദീർഘകാലം ഓർമ്മിക്കപ്പെടുമെന്ന് മിയാൻദാദ് പറഞ്ഞു.
പാകിസ്ഥാൻ മാധ്യമപ്രവർത്തകൻ ഹസൻ നിസാറിൻ്റെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിവാദ പ്രസ്താവന നടത്തിയത്. മിയാൻദാദിൻ്റെ മകൻ ജുനൈദ് ദാവൂദിൻ്റെ മകൾ മഹ്റൂഘിനെയാണ് വിവാഹം ചെയ്തിരിക്കുന്നത്. വലിയ സുരക്ഷാ സന്നാഹങ്ങൾക്കിടയിൽ 2005ൽ ദുബായിൽ വെച്ചായിരുന്നു വിവാഹം.
‘‘വർഷങ്ങൾക്കു മുൻപേ തന്നെ എനിക്ക് ദാവൂദിനെ പരിചയമുണ്ട്. അദ്ദേഹത്തിന്റെ മകൾ എന്റെ മകനെ വിവാഹം ചെയ്തതു വലിയ ആദരവാണ്. എന്റെ മരുമകൾ വിദ്യാസമ്പന്നയാണ്. മികച്ച സ്കൂളിലും സർവകലാശാലയിലുമാണ് അവർ പഠിച്ചത്. ദാവൂദിനെ ശരിക്കും മനസ്സിലാക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല. ആളുകൾ ആ കുടുംബത്തെക്കുറിച്ചു ചിന്തിക്കുന്ന കാര്യങ്ങൾ ശരിയല്ല.’’– മിയാൻദാദ് ഒരു പാക്ക് മാധ്യമത്തോടു പറഞ്ഞു.
വർഷങ്ങളായി ഇന്ത്യ തിരയുന്ന പിടികിട്ടാപ്പുള്ളിയാണ് ദാവൂദ് ഇബ്രാഹിം. 1993ലെ മുംബൈ സ്ഫോടന പരമ്പരയുടെ സൂത്രധാരനാണ് ദാവൂദ് ഇബ്രാഹിമാണെന്നാണു കണ്ടെത്തൽ. നേരത്തേ ദാവൂദ് ഇബ്രാഹിമിന് വിഷബാധയേറ്റപ്പോൾ മിയാൻദാദിനെ പാക്ക് സർക്കാർ വീട്ടുതടങ്കലിലാക്കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അന്നു ദാവൂദിനെക്കുറിച്ച് ഒന്നും പറയാനില്ലെന്നാണ് മിയാൻദാദ് പ്രതികരിച്ചത്.