വിശ്വാസികൾക്കും സഞ്ചാരികൾക്കും ഒരു പോലെ പ്രിയപ്പെട്ട ഇടമാണ് മംഗളാദേവി ക്ഷേത്രം. വർഷത്തിൽ ഒരിക്കൽ മാത്രം തുറക്കുന്ന ക്ഷേത്രം കൊട് കാടിനുള്ളിൽ ആണെന്നുള്ള പ്രത്യകതയുമുണ്ട്. അനവധി കുറ്റങ്ങൾ മരങ്ങളും, പഴമ ഓർമ്മിപ്പിക്കുന്ന കവാടവും ഏത് മനുഷ്യനെയും അങ്ങോട്ടേക്ക് ആകർഷിപ്പിക്കും.
ചിലപ്പതികാരത്തിലെ കണ്ണകിയുടെ കഥകളും വിശ്വാസങ്ങളുമായി ചേർന്നു നില്‍ക്കുന്നതാണ് മംഗളാദേവി ക്ഷേത്രം. നൂറ്റാണ്ടുകളുടെ പഴക്കവും വിശ്വാസങ്ങളും കൊണ്ട് തീർത്ഥാടകരെയും കാടിനുള്ളിലൂടെ കിലോമീറ്ററുകൾ നടന്നുള്ള യാത്രയുടെ കൗതുകം കൊണ്ട് സഞ്ചാരികളെയും ഒരുപോലെ ഈ ക്ഷേത്രം ആകർഷിക്കുന്നു. ഇടുക്കി തേക്കടിക്ക് സമീപത്തെ കുമളിയിൽ നിന്ന് 13 കിലോമീറ്റർ ദൂരത്തിലാണ് മംഗളാദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ഉത്സവം നടക്കുന്ന ഒരു ഒരു ദിവസം മാത്രമേ വിശ്വാസികൾക്ക് ഇവിടേക്ക് പ്രവേശിക്കുവാൻ അനുമതിയുള്ളൂ. കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമുള്ള വിശ്വാസികളാണ് ഇവിടം സന്ദർശിക്കുന്നവരിൽ അധികവും. കൊടുംകാട്ടിൽ ആയിരക്കണക്കിന് മനുഷ്യരുടെ പാദസ്പർശനമേൽക്കുന്ന ഏക ദിവസവും കൂടിയാണിത്.
ചിത്രപൗർണ്ണമി ഉത്സവം 2024
2024 ലെ ചിത്രപൗർണ്ണമി ഉത്സവം ഏപ്രിൽ 23 ചൊവ്വാഴ്ച നടക്കും. അന്നേ ദിവസം രാവിലെ 6:00 മണി മുതൽ പ്രവേശനം ആരംഭിക്കും. ഉച്ചകഴിഞ്ഞ് രണ്ട് മണി വരെ മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. അതിനു ശേഷം ആരെയും പ്രവേശിക്കുകയില്ല. വൈകിട്ട് അഞ്ച് മണിയോടു കൂടി ക്ഷേത്രത്തിൽ നിന്ന് എല്ലാവരും ഇറങ്ങുകയും വേണം. നടന്നു പോകുവാൻ 13 കിലോമീറ്റർ ദൂരമുണ്ട്. പെരിയാർ ടൈഗർ റിസർവിന്‍റെ ഭാഗമായ കാടിനുള്ളിലൂടെയാണ് യാത്ര. നേർച്ചകളുടെ ഭാഗമായി നടക്കുന്നവരെ കൂടാതെ ഈ പ്രദേശത്തിന്‍റെ ഭംഗി നടന്ന് കാണുവാനായി മറ്റു ജില്ലകളിൽ നിന്നുപോലും ആളുകൾ എത്തുന്നു.
തലേന്ന് രാത്രി പൗർണ്ണമി പൂജ നടക്കും. തുടർന്ന് 23ന് രാവിലെ മുതൽ ആളുകൾക്ക് പ്രവേശനം അനുവദിക്കുന്ന വിധത്തിലാണ് ക്രമീകരണങ്ങൾ നടത്തുക. നടന്നു പോകുവാൻ താല്പര്യമില്ലാത്തവർക്ക് കുമളിയിൽ നിന്നും ജീപ്പില്‍ പോകാം. ഇഷ്ടംപോലെ ജീപ്പുകൾ ഈ ദിവസം മംഗളാദേവി ക്ഷേത്രത്തിലേക്ക് യാത്ര പോകും. ഏകദേശം രണ്ട് കിലോമീറ്റർ ദൂരം യാത്ര ചെയ്യുന്നതോടെ യാത്ര കാടിനുള്ളിലേക്ക് കടക്കും. സമുദ്രനിരപ്പിൽ നിന്നും 1337 അടി ഉയരത്തിലാണ് മംഗളാദേവി ക്ഷേത്രം ,സ്ഥിതി ചെയ്യുന്നത്.
കാടിനുള്ളിലൂടെ വൻവൃക്ഷങ്ങളുടെ തണൽപറ്റി ജീപ്പ് കുതിക്കുമ്പോൾ തുടക്കക്കാർ ഒന്നു പതറിയേക്കാം. മലകളും കാടും കുന്നും പിന്നിട്ട് പോകുന്ന യാത്രയിൽ വളഞ്ഞുപുളഞ്ഞ വഴികളായിരിക്കും അധികവും. കുന്നുകൾ കയറി മലകൾ ഇറങ്ങി പോകുന്ന യാത്ര ഒരു സാഹസിക ഓഫ് റോഡ് യാത്രയേക്കാൾ കുറഞ്ഞതൊന്നമല്ല. പുലർച്ചെയാണ് പോകുന്നതെങ്കിൽ തണുപ്പും ഒപ്പം കൂട്ടുണ്ടാവും. അതിമനോഹരമായ ഒരുപാട് കാഴ്ചകളും യാത്രയിൽ കൂട്ടുണ്ടാവും. തേക്കടി തടാകവും പെരിയാറും അതിൽ ചിലത് മാത്രമാണ്.
ജീപ്പിലാണ് യാത്രയെങ്കിലും ക്ഷേത്രത്തിന് തൊട്ടടുത്തുവരെ എത്തുവാൻ കഴിയില്ല. ക്ഷേത്രത്തിന് കുറച്ചു ദൂരം വരെ മാത്രമേ വാഹനങ്ങൾക്കും എത്താനാകൂ. ബാക്കി ദൂരം നടന്നുതന്നെ എത്തണം. ക്ഷേത്രവും ഭൂമിയും കേരളത്തിന്‍റെ അധികാരത്തിലാണെങ്കിലും കേരളാ- തമിഴ്നാട് സര്‍ക്കാരുകളുടെ സഹകരണത്തോടു കൂടിയാണ് എല്ലാ വർഷവും മംഗളാദേവി ചിത്രപൗർണ്ണമി ആഘോഷിക്കുന്നത്. ഇടുക്കി ജില്ലാ കളക്ടറുടെ മേൽനോട്ടത്തിലാണ് എല്ലാ വർഷത്തെയും പൂജകൾ സംഘടിപ്പിക്കുന്നത്.
മംഗളാദേവി ക്ഷേത്രം പൂജകൾ
മംഗളാദേവി ക്ഷേത്രത്തിലെ പൂജകൾ നടത്താൻ മംഗളാദേവി ക്ഷേത്ര ചാരിറ്റബിൾ ട്രസ്റ്റിനും കണ്ണകി ക്ഷേത്രത്തിൽ പൂജ നടത്തുവാൻ കണ്ണകി ട്രസ്റ്റിനുമാണ് അനുമതിയുള്ളത്. ശിവപ്രതിഷ്ഠയുള്ള ശ്രീകോവിലിൽ കേരളീയനായ പൂജാരിയും മംഗളാദേവിയുടെ ശ്രീകോവിലിൽ തമിഴ്നാട്ടിൽ നിന്നുള്ള പൂജാരിയും പൂജകൾ നിർവ്വഹിക്കും.
പുരാതനമായ ചേരശൈലിയിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ചതുര കഷ്ണങ്ങളായി കരിങ്കല്ലുകൾ അടുക്കി വെച്ചിരിക്കുന്ന രീതിയിലാണ് നിർമ്മാണം. ഇവിടെ ആകെ നാല് ക്ഷേത്രങ്ങളാണ് ഉള്ളത്. അതിൽ കണ്ണകിയുടെ ക്ഷേത്രത്തിലും ശിവൻറെ ക്ഷേത്രത്തിലുമാണ് പൂജ നടക്കുന്നത്. അങ്കളേശ്വരി ക്ഷേത്രത്തിന്‍റേത് ചെറിയ ശ്രീ കോവിലാണ്. ഇതിൽ പ്രത്യേക പൂജകളൊന്നും ഇല്ല