കൊച്ചി: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലാ വൈസ് ചാൻസലർ ഡോ. എം. വി. നാരായണനെ പുറത്താക്കിയ ചാൻസലറായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ നടപടി സ്റ്റേ ചെയ്യാതെ ഹൈക്കോടതി.കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ . ഡോ. എം.കെ ജയരാജിനെ പുറത്താക്കിയ നടപടി ഇനിയൊരുത്തരവ് ഉണ്ടാകുംവരെ സ്റ്റേ ചെയ്തു. ഡോ. എം. വി. നാരായണൻ, ഡോ. എം. കെ. ജയരാജ് എന്നിവർ നൽകിയ ഹർജികൾ പരിഗണിച്ചാണു ജസ്റ്റിസ് സി. പി. മുഹമ്മദ് നിയാസിന്റെ ഇടക്കാല ഉത്തരവ്. ഇവരുടെ നിയമനം യുജിസി ചട്ടപ്രകാരമല്ലെന്നു പറഞ്ഞ് അസാധുവാക്കിയ ഗവർണറുടെ മാർച്ച് ഏഴിലെ ഉത്തരവു ചോദ്യം ചെയ്താണു ഹർജി നൽകിയത്.
പരിശോധനാ സമിതിയിൽ ചീഫ് സെക്രട്ടറിയെ ഉൾപ്പെടുത്തിയത് ചൂണ്ടിക്കാട്ടിയായിരുന്നു ഡോ. ജയരാജിനെ ചാൻസലർ പുറത്താക്കിയത്. എന്നാൽ അന്നത്തെ ചീഫ് സെക്രട്ടറി കാലിക്കറ്റ് വിസിയുടെ താത്‌കാലിക ചുമതല വഹിച്ചിട്ടുണ്ടെന്നും മാത്രമല്ല, അക്കാദമിക മികവു പുലർത്തിയിട്ടുള്ള വ്യക്തിയായിരുന്നു എന്നും വാദത്തിനിടെ ഡോ. ജയരാജിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയിരുന്നു. അതിനൊപ്പം, ചീഫ് സെക്രട്ടറി ചാൻസലറുടെ നോമിനിയായിരുന്നു എന്നുമായിരുന്നു വാദം.
സംസ്കൃത സർവകലാശാല വിസി സ്ഥാനത്തേക്ക് അപേക്ഷിച്ചവരിൽ ഏറ്റവും യോഗ്യനായ വ്യക്തിയെന്ന നിലയിലാണു സെർച്ച് കമ്മിറ്റി ഡോ. നാരായണന്റെ പേരുമാത്രം ശുപാർശ ചെയ്തത് എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകന്റെ വാദം. എന്നാൽ യുജിസി ചട്ടങ്ങളുടെ ലംഘനമല്ലേ വിഷയം എന്ന് വാദത്തിനിടെ കോടതി ആരാഞ്ഞിരുന്നു. ഒന്നിലധികം പേരുകൾ സെർച്ച് കമ്മിറ്റി നിർദേശിക്കണം എന്നാണ് യുജിസി ചട്ടം.
വിസിമാരെ സർക്കാർ നിയമിച്ച നടപടി യുജിസി ചട്ടങ്ങൾക്കു വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണു ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രണ്ടു വിസിമാരെയും പുറത്താക്കിയത്. സാങ്കേതിക സർവകലാശാലാ വൈസ് ചാൻസലർ ഡോ.രാജശ്രീയെ പുറത്താക്കിയ നടപടി ശരിവച്ച സുപ്രീം കോടതി ഉപയോഗിച്ചായിരുന്നു ഗവർണറുടെ നടപടി.
















