കലാമണ്ഡലം സത്യഭാമയെ തള്ളി കലാമണ്ഡലം കല്പിത സര്‍വ്വകലാശാല. കലാമണ്ഡലം സത്യഭാമയും ആര്.എല്‍.വി രാമകൃഷ്ണനും തമ്മിലുള്ള വിഷയം രൂക്ഷമാകുന്നതിനിടയിലാണ് കലാമണ്ഡലം കല്‍പ്പിത സര്‍വ്വകലാശാലയുടെ വാര്ത്താക്കുറുപ്പിറങ്ങിയത്. വാര്‍ത്താക്കുറിപ്പില്‍ പറയുന്നത് ഇതാണ്, കലാമണ്ഡലം സത്യഭാമയുേതായി നിലവില്‍ വന്നുകൊണ്ടിരിക്കുന്ന പ്രസ്താവനകളും പ്രതികരണങ്ങളും നിലപാടുകളും കേരള കലാമണ്ഡലം പൂര്‍ണ്ണമായും നിരാകരിക്കുകയും അപലപിക്കുകയും ചെയ്യുന്നു.
ഒരു പരിഷ്കൃത സമൂഹത്തിന് നിരക്കാത്ത ഇത്തരം പ്രസ്താവനകള്‍ നടത്തുന്ന വ്യക്തികളുടെ പേരിനൊപ്പം കലാമണ്ഡലത്തിന്റെ പേര് ചേര്‍ക്കപ്പെടുന്നത് സ്ഥാപനത്തിന് കളങ്കമാണ്. കേരള കലാമണ്ഡലത്തിലെ ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി എന്നതിനപ്പുറം ഇവര്‍ക്ക് കലാമണ്ഡലവുമായി നിലവില്‍ ഒരു ബന്ധവുമില്ലെന്നും പ്രസ്താവനയില്‍ പറയുന്നു. ഇന്നു രാവിലെ സത്യഭാമ മാധ്യമങ്ങളിലൂടെ നടത്തിയ പ്രസ്താവനകള്‍ വലിയ ദോഷമാണ് ചെയ്തിരിക്കുന്നത്. കലാപ്രവര്‍ത്തനങ്ങളിലും ജാതി മത, വര്‍ണ്ണ വിവേചനമുണ്ടെന്ന സൂചനകള്‍ നല്‍കിയതാണ് പ്രധാന പ്രശ്നം.