പേരിനൊപ്പം ആഭരണം പോലെ തൂക്കി നടക്കുന്ന കലാമണ്ഡലം എന്നപേര് സത്യഭാമ ഉപേക്ഷിക്കണം. ഇത് കേരളം ഇപ്പോള്‍ ആവശ്യപ്പെടുന്ന പ്രാധാന ആവശ്യമാണ്. വെറുക്കപ്പെട്ടു പോയവരുടെ പേരിനു മുമ്പില്‍ ചേര്‍ക്കാനുള്ളതല്ല ദൈവീക ക്ഷേത്രമാ കലാമണ്ഡലത്തിന്റെ പേര്. സാംസ്ക്കാരിക പ്രവര്‍ത്തകര്‍ അവരുടെ വാക്കുകളും പ്രവൃത്തികളും അളന്നു തൂക്കി പറയേണ്ട കാലഘട്ടത്തിലൂടെയാണ് മലയാളികള്‍ കടന്നു പോകുന്നത്. അപ്പോഴാണ് ഒരാള്‍ക്കും ദഹിക്കാത്ത പ്രസ്താവനകളുമായി കളം നിറഞ്ഞ് സത്യഭാമ എത്തുന്നത്.
‘കറുത്തവന് ഭരതനാട്യം കളിച്ചാല്‍ പെറ്റതള്ള പോലും സഹിക്കില്ല’ എന്ന ഒറ്റ പ്രസ്താവന കൊണ്ട് മലയാളികളുടെ സാംസ്ക്കാരിക മണ്ഡലത്തില്‍ നിന്നും പുറത്തായിരിക്കുകയാണ് കലാമണ്ഡലം സത്യഭാമ. കലാരംഗത്തെ പ്രഗത്ഭരും, രാഷ്ട്രീയ പാര്‍ട്ടികളും, മന്ത്രിമാരുമെല്ലാം ഈ പ്രസ്താവനയെയും തുടര്‍ന്ന് സത്യഭാമ നടത്തിയ പ്രതികരണങ്ങളെയും നിശിതമായി വിമര്‍ശിക്കുകയും ചെയ്തിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കാലമണ്ഡലം കല്പിത സര്‍വ്വകലാശാലയുടെ പ്രസ്താവന ഇറങ്ങിയത്.
ഒരു പരിഷ്കൃത സമൂഹത്തിന് നിരക്കാത്ത ഇത്തരം പ്രസ്താവനകള്‍ നടത്തുന്ന വ്യക്തികളുടെ പേരിനൊപ്പം കലാമണ്ഡലത്തിന്റെ പേര് ചേര്‍ക്കപ്പെടുന്നത് സ്ഥാപനത്തിന് കളങ്കമാണെന്നാണ് കലാമണ്ഡലം കല്‍പ്പിത സര്‍വ്വകലാശാല പറഞ്ഞിരിക്കുന്നത്. അല്‍പ്പമെങ്കിലും ആത്മാഭിമാനം ബാക്കിയുണ്ടെങ്കില്‍ ദയവു ചെയ്ത് പേരിനൊപ്പമുള്ള ‘കലാമണ്ഡലം’ എടുത്തു കളയുന്നുവെന്ന് സത്യഭാമ പ്രസ്താവനയെങ്കിലും ഇറക്കേണ്ട സമയമാണിത്. കറുത്ത നിറമുള്ളവര്‍ ഭരതനാട്യം കളിക്കരുതെന്ന്, തന്റെ മാത്രം അഭിപ്രായമാണെന്ന് ഊന്നിയൂന്നിപ്പറഞ്ഞാണ് സത്യഭാമ മാധ്യമങ്ങള്‍ക്കു മുമ്പില്‍ നിന്നത്.
മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കെല്ലാം വ്യക്തമായും ശക്തമായും മറുപടിയും നല്കി. ധാര്‍ഷ്ട്യവും അഹന്തയും സ്ഫുരിക്കുന്ന വാക്കുകള്‍ കൊണ്ടായിരുന്നു സത്യഭാമ മാധ്യമ പ്രവര്‍ത്തകരെ നേരിട്ടത്. നാട്യശാസ്ത്രം എന്താണെന്ന് അറിയാമോ എന്നുവരെ ഒരുവേള മാധ്യമ പ്രവര്‍ത്തകരോട് ചോദിക്കുകയും ചെയ്തു. ഇതെല്ലാം ലൈവായും, റെക്കോരിക്കലായും മാധ്യമങ്ങള്‍ കേരള സമൂഹത്തില്‍ ചര്‍ച്ചയ്ക്കു വെച്ചതോടെ ‘സത്യ’ഭാമ ‘കള്ള’ഭാമ ആവുകയായിരുന്നു. ഇനി ചെയ്യേണ്ടത് സത്യഭാമ വെറും സത്യഭാമ ആവുകയാണ്. കലാമണ്ഡലത്തിന്റെ പേരില്‍ അഭിമാനി്കാനോ, അഹങ്കരിക്കാനോ അറിയപ്പെടാനോ അവകാശമില്ല.
ഇതാണ് കലാമണ്ഡലം കല്‍പ്പിത സര്‍വ്വകലാശാലയും പരസ്യമായി പറഞ്ഞിരിക്കുന്നത്. തനിക്കു പറയാനുള്ളത് തന്റെ പേരില്‍ മാത്രം പറയുക, അല്ലാതെ ഒരു സ്ഥാപനത്തിന്റെ പേരു കൂടി തന്റെ പേരിനു മുന്പില് ചേര്‍ത്തിട്ട് സമൂഹത്തിന് വിരുദ്ധമായി പറയുമ്പോള്‍ അത് സ്ഥാപനത്തിന് മോശപ്പേരുണ്ടാക്കും. അതാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. സത്യഭാമ വ്യക്തി പരമായി പറഞ്ഞ അഭിപ്രായങ്ങളെ താള്ളാനും കൊള്ളാനും സമൂഹത്തിന് അവകാശമുണ്ട്. അതുപോലെ, എന്തു പറയാനും സത്യഭാമയ്ക്കും അവകാശമുണ്ട്. പക്ഷെ, കലാമണ്ഡലം സത്യഭാമ എന്നു പറയുന്ന വ്യക്തി ഒരിക്കലും പറയാന്‍ പാടില്ലാത്തതാണ് ആ പ്രസ്താവന.
കാരണം, സത്യഭാമ എന്ന പേരിനു മുന്പില് കലാമണ്ഡലം എന്ന സ്ഥാപനത്തിന്റെ പേരുകൂടിയുണ്ട്. സത്യഭാമയ്ക്ക് ചെയ്യാനാകുന്നത്, കലാമണ്ഡലം എന്ന പേര് ഉപേക്ഷിക്കുക എന്നതാണ്. സ്ഥാപനത്തിന്റെ പേര് സ്വന്തം പേരിനു മുന്പില് ഇടുമ്പോള്‍ സമൂഹം തരുന്ന ഒരു ബഹുമാനമുണ്ട്. ആ ബഹുമാനത്തിനു പോലും അര്‍ഹതയില്ലാത്ത അവസ്ഥയിലേക്ക് സത്യഭാമ തരം താഴ്ന്നു പോയിരിക്കുന്നു. ഇതു തന്നെയാണ് കലാമണ്ഡലം കല്പിത സര്‍വ്വകലാശാലയും അസന്നിഗ്ധമായി വ്യക്തമാക്കിയിരിക്കുന്നത്.